
കർണാടകയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ അമരക്കാരൻ. നിസഹകരണപ്രസ്ഥാനത്തിന് നേതൃത്വം നൽകി. ഉപ്പു സത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. സ്വദേശിവത്കരണം ലക്ഷ്യമിട്ട് വിദേശവസ്തുക്കൾ ഉപേക്ഷിക്കുകയും സ്വദേശ ഉത്പന്നങ്ങളും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഖാദി യൂണിറ്റ് ഹുദ്‌ളിയിൽ സ്ഥാപിച്ചു. കർണാടക സിംഹം എന്നും കർണാടകയിലെ ഖാദി ഭഗീരഥ എന്നും അറിയപ്പെടുന്നു.
1871 മാർച്ച് 31 ന് കർണാടകയിലെ ബൽഗാമിൽ ജനനം. സാമൂഹ്യപരിഷ്‌കരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ദേശ്പാണ്ഡെ, ലോകമാന്യതിലകിനെ കണ്ടുമുട്ടിയതോടെ സ്വാതന്ത്റ്യസമരത്തിലെ മുന്നണിപോരാളിയായി. പിന്നീട് മഹാത്മാഗാന്ധിയുടെ അനുയായി ആയി. കർണാടകയിൽ സ്വരാജ് പ്രസ്ഥാനത്തിന് നേതൃത്വം നൽകി. ഖാദിപ്രസ്ഥാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രവർത്തിച്ചു. 1924 ൽ ഗാന്ധിജി അദ്ധ്യക്ഷനായ ഒരേയൊരു കോൺഗ്രസ് സമ്മേളനം ബൽഗാമിൽ നടന്നപ്പോൾ അതിന്റെ പ്രധാന സംഘാടകനായി. 1937 ൽ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണത്തിൽ മഹാത്മാഗാന്ധി ഹുദ്‌ളിയിൽ സന്ദർശനം നടത്തി. ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഗോവിന്ദറാവു യാൽഗിയോടൊപ്പം ബൽഗത്തിൽ ഗണപതി ആഘോഷവും ശിവജി ജയന്തിയും ആരംഭിച്ചു.
ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധിച്ചു. കർണാടക ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ ചെയർമാനും മഹാത്മാഗാന്ധി നേതൃത്വം നൽകിയ ഓൾ ഇന്ത്യ സ്പിന്നേഴ്സ് അസോസിയേഷന്റെ ട്രസ്റ്റിയുമായിരുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റും എ.ഐ.സി.സി പ്രസിഡന്റും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. സ്വാതന്ത്റ്യാനന്തരം സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഫസൽ അലി കമ്മിഷൻ അദ്ദേഹവുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.
1960 ജൂലായ് 30 ന് അന്തരിച്ചു. ഗംഗാധർറാവു ദേശ്പാണ്ഡെയുടെ പേരിൽ ബൽഗത്തിലെ രാമതീർത്ഥ സിറ്റി പാർക്കിൽ സ്മാരകവും മ്യൂസിയവും നിർമ്മിക്കാൻ കർണ്ണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.