
ഉറക്കമില്ലായ്മയിന്ന് ഏറെ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം കൂടിയേ തീരു. ഉറക്കമില്ലായ്മ മനസിനെയും ശരീരത്തെയും കാര്യമായി ബാധിക്കും. പല രോഗങ്ങൾക്കും ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾക്കും ഉറക്കക്കുറവ് കാരണമാകുന്നുണ്ട്. രാത്രി ഉറക്കം നന്നായാൽ മാത്രമെ ഊർജസ്വലമായ ദിനം നമുക്കുണ്ടാവുകയുള്ളു. പ്രായഭേദമന്യേ ഇന്ന് കണ്ടുവരുന്ന ഉറക്കമില്ലായ്മ മാനസിക സമ്മർദ്ദങ്ങളാലോ ആരോഗ്യപ്രശ്നങ്ങളാലോ അല്ലെങ്കിൽ പലവിധ അഡിക്ഷനുകൾ മൂലവുമാവാം. മദ്യപാനവും ഇലക്ട്രോണിക്സ് ഡിവൈസുകളുടെ ഉപയോഗവും ഈ അഡിക്ഷനുകളിൽ പെടും.
രാത്രിയിലെ ഉറക്കമില്ലായ്മയെ എങ്ങനെ മറികടക്കാം:
ഉറക്കത്തിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നമ്മൾ തന്നെയാണ്. കിടക്കുന്നതിനു മുൻപായി കിടക്ക സുഖകരമാണെന്നും മുറിയിലെ താപനില അനുയോജ്യമാണെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. കിടക്കുന്നതിനായി കിടക്കയും തലയിണയും ദിവസേന വൃത്തിയാക്കുക. വൃത്തിയുള്ള ബെഡ്ഷീറ്റുകൾ ഉപയോഗിക്കുക. വൃത്തിഹീനമായ ബെഡ്ഷീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ത്വക്ക് രോഗങ്ങൾ വരാൻ സാദ്ധ്യതകളേറെയാണ്. ലൈറ്റ് മ്യൂസിക്കുകൾ കേൾക്കുന്നതും പുസ്തക വായനയും നല്ലതാണ്.
രാത്രി എട്ടുമണിക്ക് മുന്നെ ആഹാരം കഴിക്കൽ ശീലമാക്കണം. അർദ്ധരാത്രിയോടെയുള്ള വിശപ്പ് പലരിലും കാണാം. ഉപ്പും മധുരവുമടങ്ങിയ ലഘുഭക്ഷണങ്ങൾ ആ നേരങ്ങളിൽ ശീലമാക്കുന്നവരുമുണ്ട്. ഉപ്പിട്ട ലഘുഭക്ഷണങ്ങൾ അർദ്ധരാത്രി കഴിക്കുന്നത് ശരീരവീക്കത്തിനും കണ്ണുകൾ വീർക്കുന്നതിനും കാരണമാകുന്നു. ഇത് മൂലം ഉറക്കമില്ലായ്മയും അനുഭവപ്പെടാം.
മുഖത്ത് അഴുക്കും ബാക്ടീരിയകളും പകൽ സമയങ്ങളിൽ പറ്റാൻ സാദ്ധ്യതയുള്ളതിനാൽ മുഖം നല്ല ഓയിലി ആയി കാണപ്പെടും. ഇത് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമായേക്കാം. അതിനാൽ ഉറങ്ങുന്നതിനു മുൻപായി മുഖം വൃത്തിയാക്കേണ്ടതുണ്ട്. വിശമം കിട്ടുമെന്ന ചിന്തയാൽ വൈകീട്ട് മദ്യപാനം ശീലമാക്കുന്നവർക്ക് മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും അനുഭവപ്പെടും. ഉറക്കത്തിനു മുന്നേയുള്ള മദ്യപാനം രക്തക്കുഴലുകളെ വികസിപ്പിക്കുകയും കണ്ണുകളും മുഖവും വീർക്കാൻ ഇടയാക്കുകയും ചെയ്യും. അതിനാൽ രാതി മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടത് ആവശ്യമാണ്. നല്ല ഉറക്കത്തിനായി കണ്ണുകൾക്ക് വിശമം കൊടുക്കുന്നതാണ് നല്ലതാണ്.