rbi

കൊച്ചി: നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ തുടർച്ചയായ മൂന്നാംവട്ടവും മുഖ്യ പലിശനിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയതോടെ ജനത്തിന് വായ്പാ പലിശഭാരവും കൂടി. ഇന്നലെ 0.5ശതമാനം കൂട്ടിയതോടെ റിപ്പോനിരക്ക് 5.4 ശതമാനമായി. പൊതുവിപണിയിലെ അധികപ്പണം നിയന്ത്രിച്ച് വിലക്കയറ്റം പിടിച്ചുനിറുത്താനാണ് നീക്കം.

വിപണിയിൽ പണലഭ്യത കുറയുന്നതോടെ,​ ഇറക്കുമതിയും കുറയും. ഡോളറിന്റെ ഡിമാൻഡും താഴും. ഇതുവഴി രൂപയുടെ മൂല്യം മെച്ചപ്പെടുമെന്നും സമ്പദ്‌വളർച്ചയ്ക്ക് ആക്കംകൂടുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയസമിതി (എം.പി.സി) കണക്കുകൂട്ടുന്നു.

കൊവിഡ് കാലത്ത് 4 ശതമാനമെന്ന സർവകാല താഴ്ചയിലേക്ക് പോയ റിപ്പോ മേയിൽ 4.4 ശതമാനത്തിലേക്കും ​ജൂണിൽ 4.9 ശതമാനത്തിലേക്കും ഉയർത്തിയിരുന്നു.

റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്‌പയുടെ പലിശയാണിത്. ആനുപാതികമായി ബാങ്കുകൾ പലിശ കൂട്ടും. ഭവന, വാഹന, വ്യക്തിഗത, മൂലധന, വിദ്യാഭ്യാസ, കാർഷിക വായ്‌പകളുടെ അടക്കം പലിശയും പ്രതിമാസ തിരിച്ചടവും (ഇ.എം.ഐ) ഉയരും. സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയും ബാങ്കുകൾ കൂട്ടും. 2014ൽ ശരാശരി 9 ശതമാനമായിരുന്ന സ്ഥിരനിക്ഷേപ പലിശ ഇപ്പോൾ 5-6.5 ശതമാനം മാത്രമാണ്.

അതേസമയം,​ ഫിക്‌സഡ് (സ്ഥിരപലിശ) നിരക്കിൽ വായ്‌പ എടുത്തവർക്ക് റിപ്പോ കൂടിയത് ബാധകമല്ല. ഫ്ലോട്ടിംഗ് നിരക്കിലെ വായ്പയ്ക്കാണ് പലിശ കൂടുക.

ഇ.എം.ഐ മേലോട്ട്

(എസ്.ബി.ഐ നിരക്കുപ്രകാരമുള്ള ഭവനവായ്‌പ)

 വായ്‌പാത്തുക : ₹25 ലക്ഷം

 കാലാവധി : 20 വർഷം

 നിലവിലെ പലിശ : 7.7%

 ഇ.എം.ഐ : ₹ 20,447

 മൊത്തം പലിശ ബാദ്ധ്യത : ₹24,04,199

പലിശ കൂടുമ്പോൾ

 പുതിയപലിശ : 8.2%

 ഇ.എം.ഐ: ₹21,223

 ഇ.എം.ഐ വർദ്ധന : ₹776

 മൊത്തം പലിശബാദ്ധ്യത : ₹25,93,579

 പലിശ ബാദ്ധ്യതയിലെ വർദ്ധന : ₹1,89,380

വിദേശത്തായാലും

നാട്ടിലെ ബില്ലുകളടയ്ക്കാം

ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഭാരത് ബിൽ പേമെന്റ് സിസ്‌റ്റത്തിൽ (ബി.ബി.പി.എസ്) വിദേശത്ത് നിന്നുള്ള ഇടപാടുകളും അനുവദിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. പ്രവാസികൾക്ക് ഇത് വലിയനേട്ടമാണ്.

നാട്ടിലെ കുടുംബത്തിന്റെ വൈദ്യുതി, ഫോൺ, കേബിൾ, ഡി.ടി.എച്ച്, ഫാസ്ടാഗ്, ഗ്യാസ്, വെള്ളം, ഇൻഷ്വറൻസ് പ്രീമിയം, വായ്‌പാത്തിരിച്ചടവ്, വിദ്യാഭ്യാസ ഫീസ്, നികുതിയടവ് തുടങ്ങിയ പേമെന്റുകൾ ഇനി വിദേശത്തുനിന്ന് നടത്താം.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, യു.പി.ഐ, ഐ.എം.പി.എസ്, ഇന്റർനെറ്റ് ബാങ്കിംഗ്, വാലറ്റ് പേമെന്റ് സൗകര്യങ്ങൾ ഇതിൽ ലഭ്യമാണ്.