ss

ഒഡീഷയിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യപരിഷ്കർത്താവും. നിസഹകരണപ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമര രംഗത്തേക്ക്. സ്വദേശി പ്രസ്ഥാനത്തിന്റെ പ്രചാരക. ഉപ്പുസത്യഗ്രഹം, ഖാദി പ്രസ്ഥാനം, ഭൂദാൻ, ഗ്രാംദാൻ പ്രസ്ഥാനം എന്നിവയിൽ പ്രവർത്തിക്കുകയും നിരവധി തവണ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ചേരാൻ സ്ത്രീകളെ ആഹ്വാനം ചെയ്തു.
1899 ൽ കട്ടക്കിലെ സമ്പന്ന കുടുംബത്തിൽ ജനനം. നിസഹകരണ പ്രസ്ഥാനത്തിനു വേണ്ടി സ്വത്തുക്കൾ ദാനം ചെയ്തു. ഗാന്ധിയൻ അനുയായി ആയിരുന്ന രമാദേബി ഖാദി പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചു. ഒഡീഷയിലെ വിവിധ സ്ഥലങ്ങളിൽ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നൽകി. ഇതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട രമാദേബിയെ ഗാന്ധി ഇർവിൻ ആക്ട് പ്രകാരം മോചിതയാക്കി. എന്നാൽ, രണ്ടാം വട്ടമേശ സമ്മേളനം പരാജയപ്പെട്ട് സത്യഗ്രഹം പുനരാരംഭിച്ചതോടെ ഹസരീബാദ് ജയിലിൽ തടവിലാക്കപ്പെട്ടു.

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാൻ ജഗത്‌സിംഘ് പൂരിൽ അളകാനദീ തീരത്ത് ആശ്രമം സ്ഥാപിച്ചു. ഇത് ഒഡീഷയിലെ സബർമതി ആശ്രമം എന്നറിയപ്പെടുന്നു. ഹരിജൻ സേവക് സംഘത്തിൽ അംഗമായി നിരവധി സാമൂഹ്യ സേവനങ്ങൾ നടത്തി. 1985 ൽ അന്തരിച്ചു.
അവരുടെ സ്മരണാർത്ഥം ഭുവനേശ്വറിലെ സർവകലാശാലയ്ക്ക് രമാദേബി വിമൺസ് യൂണിവേഴ്സിറ്റി എന്ന പേര് നൽകി. 1981ൽ ജമ്‌നാ ലാൽ ബജാജ് പുരസ്കാരം നൽകി രമാദേബിയെ ആദരിച്ചു. 1984 ൽ ആദരസൂചകമായി ഉത്കൽ സർവകാലാശാല രമാദേബിയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകി. കട്ടക്കിൽ അവർ ആരംഭിച്ച ശിശു വിഹാർ സ്കൂൾ ഇന്ന് രമാദേബി ശിശുവിഹാർ എന്നറിയപ്പെടുന്നു.