തിരുവനന്തപുരം: ഡീസൽക്ഷാമം കാരണം കെ.എസ്.ആർ.ടി.സി സർവീസുകൾ പകുതിയായി വെട്ടിക്കുറച്ചത് സാധാരണക്കാരെ വലച്ചു. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലെത്തേണ്ട രോഗികളും കൂട്ടിരിപ്പുകാരും വിവിധ സ്ഥാപനങ്ങളിൽ ജോലിക്കുപോയവരുമെല്ലാം മണിക്കൂറുകളോളം ബസുകിട്ടാതെ ബുദ്ധിമുട്ടി.
പൂവാർ, വിഴിഞ്ഞം, കാട്ടാക്കട, വെള്ളറട തുടങ്ങിയ ഡിപ്പോകളിൽ നിന്നുള്ള ഭൂരിഭാഗം സർവീസുകളും ഇന്നലെയുണ്ടായില്ല. ആർ.സി.സി, എസ്.എ.ടി തുടങ്ങിയ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയവർക്ക് മറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്നു.
കാത്തുനിന്ന് മുഷിഞ്ഞവർ ബസ് എപ്പോൾ വരുമെന്ന് ചോദിക്കുമ്പോൾ വരുമെന്നോ വരില്ലെന്നോ പറയാൻ കഴിയാത്ത സാഹചര്യമാണെന്ന് മെഡിക്കൽ കോളേജ് ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ പറയുന്നു. ഓഫീസുകളിൽ നിന്ന് ജീവനക്കാരെത്തിയതോടെ വൈകിട്ട് ബസ് സ്റ്റാൻഡിൽ തിരക്കായെങ്കിലും അപ്പോഴും ബസ് ബേ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു. അതേസമയം കെ.എസ്.ആർ.ടി.സി സർവീസുകൾ കുറച്ചതോടെ സ്വിഫ്ടിന്റെ ഹ്രസ്വദൂര, സിറ്റി സർക്കിൾ, ഇലക്ട്രിക് ബസുകളിൽ തിരക്കേറി.
സ്വകാര്യ ബസുകൾ നേട്ടം കൊയ്‌തു
കെ.എസ്.ആർ.ടി.സി സർവീസുകൾ കുറഞ്ഞതോടെ സ്വകാര്യ ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ രണ്ട് മിനിട്ടിൽ കൂടുതൽ നിറുത്താൻ പാടില്ലെങ്കിലും അരമണിക്കൂർ വരെ പ്രൈവറ്റ് ബസുകൾ നിറുത്തിയിട്ടു. ചോദ്യം ചെയ്‌താൽ ഭീഷണിപ്പെടുത്തുമെന്നും പൊലീസിന്റെ സഹായം ലഭിക്കാറില്ലെന്നും സ്റ്റേഷൻമാസ്റ്രർ പറയുന്നു.