
ന്യൂഡൽഹി : നർമ്മം തുളുമ്പുന്ന വാക് പ്രയോഗങ്ങളിലൂടെയും ചടുലമായ ആശയവിനിമയത്തിലൂടെയും പാർട്ടിക്കകത്തും പുറത്തും സൗഹൃദം നിറച്ച നേതാവാണ് ഇന്ത്യയുടെ 13-ാമത് ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിടചൊല്ലുന്ന വെങ്കയ്യ നായിഡു. നെല്ലൂരിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ആർ.എസ്.എസ് സ്വയംസേവകനായി എ.ബി.വി.പിയിലെത്തിയതും വർഷങ്ങൾക്ക് ശേഷം ബി.ജെ.പി പ്രസിഡന്റായതും നായിഡുവിന്റെ രാഷ്ട്രീയ നേട്ടങ്ങളിൽ ചിലതുമാത്രം.
കുഴപ്പിക്കുന്ന ചോദ്യങ്ങളിലും സമ്മർദ്ദമുണ്ടാക്കുന്ന നിമിഷങ്ങളിലും കുസൃതി നിറയുന്ന മറുപടികൾ നായിഡുവിന്റെ പക്കലുണ്ടായിരുന്നു. പാപ്പൻ സിനിമയ്ക്ക് വേണ്ടി താടി വളർത്തി ഭാഗികമായി ഡൈ ചെയ്ത സുരേഷ് ഗോപി എം.പിയോട് 'താടിയാണോ മാസ്ക്കാണോ അത് ' എന്ന ചോദ്യം ശരവേഗത്തിലായിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് ഭാര്യ ഉഷയുടെ പതി, ഉഷാപതിയാകാനാണ് സന്തോഷം എന്നായിരുന്നു മറുപടി.
2017ൽ സംയുക്ത പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തോൽപിച്ച നായിഡു, അർപ്പണബോധമുള്ള നേതാവാണെന്ന് പ്രവൃത്തികളിലൂടെ തെളിയിച്ചു. തെന്നിന്ത്യയിൽ ബി.ജെ.പിക്ക് വിപുലമായ അടിത്തറയില്ലായിരുന്നെങ്കിലും നായിഡുവിനെ അതൊന്നും തളർത്തിയില്ല. മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് എം.എൽ.എ ആയി അരങ്ങേറി. വാജ്പേയി, മോദി മന്ത്രിസഭകളിൽ അംഗമായി. തന്റെ സ്വഭാവസവിശേഷതയിലൂടെ എല്ലാ പാർട്ടിയിലെയും സുഹൃത്തുക്കളെ സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 'രാജ്യം ആദ്യം, പാർട്ടി പിന്നീട്, സ്വന്തം കാര്യം ഒടുവിൽ' എന്നത് ജീവിത പ്രമാണമാക്കി. മാതൃഭാഷാ ദിനത്തിൽ വെങ്കയ്യ പാർലമെന്റിൽ 22 ഭാഷകൾ സംസാരിച്ച് കയ്യടി നേടി. പാർട്ടിയിൽ വാജ്പേയി, അദ്വാനി തുടങ്ങിയ പഴയ നേതാക്കളെയും മോദി, അമിത്ഷാ തുടങ്ങിയ പുതിയ നേതാക്കളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കുന്നതിനായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിന്നു. ഉപരാഷ്ട്രപതിയായിരുന്നത് കൊണ്ട് മറ്ര് ചെറിയ സ്ഥാനങ്ങളും ഇനി ഏറ്രെടുക്കാനാവില്ല. അതിനാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനാണ് സാദ്ധ്യത. വിരമിക്കുന്നതോടെ രാഷ്ട്രീയജീവിതത്തിലെ സുവർണ്ണനിമിഷങ്ങൾ നെഞ്ചിലേറ്റി സ്വർണ്ണ ഭാരതി ട്രസ്റ്റ് എന്ന തന്റെ സംഘടനയിൽ സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകിയേക്കുമെന്നാണ് സൂചന.