crime

ഭോപ്പാൽ: ഇൻഷുറൻസ് തുക ലഭിക്കാനായി ഭാര്യയെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ രാജ്ഗാ‌‌ർഗ് സ്വദേശി ബദ്രിപ്രസാദ് മീണയാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 26ന് വൈകിട്ട് ഒൻപത്‌മണിയോടെ ഭോപ്പാൽ റോഡിലെ മനാജോഡിൽ വച്ചാണ് ഇയാൾ ഭാര്യ പൂജയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കടബാദ്ധ്യതകൾക്ക് പരിഹാരം കണ്ടെത്തുന്നതിനായായിരുന്നു കൊല. കൃത്യം നടത്തേണ്ടതെങ്ങനെയെന്ന് ഇന്റ‌ർനെറ്റ് വീഡിയോയിലൂടെ മനസിലാക്കിയ ബദ്രിപ്രസാദ് ഇതിന് മുൻപ് ഭാര്യയുടെ പേരിൽ ഇൻഷുറൻസ് എടുത്തിരുന്നു. പൂജയെ ഇല്ലാതാക്കി ഇൻഷുറൻസ് തുക ക്ളെയിം ചെയ്ത് ബാദ്ധ്യതകൾ തീർക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.

പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാൻ വേണ്ടി ഇയാൾ നാല് പേർക്കെതിരെ പരാതി നൽകി. പക്ഷേ കേസിന്റെ അവസാനഘട്ടമായപ്പോഴേക്കും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് തെളിയുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്കിടെ പൂജ മരണപ്പെട്ടു. ബദ്രിപ്രസാദിനൊപ്പം സംഭവത്തിൽ പങ്കുള്ള രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കും മറ്റ് പ്രതികൾക്കുമെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.