തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഏജീസ് ഒാഫീസ് മാർച്ച് നടത്തി. പ്രവർത്തകർ പ്രതീകാത്മകമായി ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരക്കട സ്ഥാപിച്ചു. യു.പി.എ സർക്കാരിന്റെയും എൻ.ഡി.എ സർക്കാരിന്റെയും കാലത്തെ നിത്യോപയോഗ സാധനങ്ങളുട വിലവിവരപ്പട്ടിക അടങ്ങുന്ന ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തിയത്. ഗ്യാസ് സിലിണ്ടർ,പെട്രോൾ,ഡീസൽ,അരി തുടങ്ങിയ അവശ്യസാധനങ്ങളാണ് സമരക്കടയിൽ ഉണ്ടായിരുന്നത്. പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, വിനോദ് കോട്ടുകാൽ, ചിത്രദാസ്, എസ്.പി.അരുൺ,ബി.എസ്.അനൂപ്, എ.ജി.ശരത്, മഹേഷ് ചന്ദ്രൻ,റ്റി.ആർ രാജേഷ്,സി.എസ്.അരുൺ,കെ.എഫ്.ഫെബിൻ എന്നിവർ സംസാരിച്ചു.