തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവസങ്കല്പ് പദയാത്രയ്‌ക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി. ഗാന്ധിജി സന്ദർശിച്ച സ്വതന്ത്ര്യ സമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ ഊരൂട്ടുകാല മാധവിമന്ദിരത്തിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ജാഥ നയിക്കുന്ന ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്ക് ദേശീയപതാക നൽകി പദയാത്ര ഉദ്ഘാടനം ചെയ്‌തു.

സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും എല്ലാവർക്കും അർഹതയില്ലെന്ന് പദയാത്ര ഉദ്ഘാടനം ചെയ്‌ത യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. രാജ്യം വിഭാവനം ചെയ്‌ത മതേതരത്വം,ജനാധിപത്യം,സോഷ്യലിസം എന്നീ ആപ്‌തവാക്യങ്ങൾ വെല്ലുവിളി നേരിടുകയാണെന്നും പാ‌ർലമെന്റിനെ കേന്ദ്രം വെറും പ്രഹസനമാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. നിയമവ്യവസ്ഥയെ രാഷ്ട്രീയമായി പകപോക്കാനാണ് കേന്ദ്രം ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ഒരുമിച്ചാഘോഷിക്കാൻ തീരുമാനിച്ചത് ഇന്ത്യൻ ജനതയോട് മാപ്പപേക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കടന്നുപോകുന്നത് പ്രതികൂല സാഹചര്യത്തിലാണെന്നും രണ്ടാം സ്വാതന്ത്ര്യസമരം വേണ്ടിവരുമെന്ന പ്രതീതി നിലനിൽക്കുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ സ്വാഗതം പറഞ്ഞു. കെ.പി.സി.സി ഭാരവാഹികളായ എൻ. ശക്തൻ, ജി. സുബോധൻ, ജി.എസ്. ബാബു, എൻ. പീതാംബരകുറുപ്പ്, വി.എസ്. ശിവകുമാർ, കരകുളം കൃഷ്ണപിള്ള, ടി. ശരത് ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, എസ്.കെ. അശോക് കുമാർ, ആർ. സെൽവരാജ്, എം.എ. വാഹിദ്, കെ.എസ്. ശബരീനാഥൻ, പി.കെ. വേണുഗോപാൽ, ആർ. വത്സലൻ, ഷിഹാബുദ്ദീൻ കാര്യത്ത്, വി.കെ. അവനീന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.