driving

കണ്ണൂർ: പിതാവിന്റെ ബൈക്കുമായി പന്ത്രണ്ടുകാരന്റെ സ‌ഞ്ചാരം. പിഴ ഇടാക്കി കണ്ണൂർ ആറളം പൊലീസ്. 13,​500 രൂപയാണ് ഒറ്റയടിക്ക് അച്ഛന്റെ കൈയ്യിൽ നിന്ന് പോയത്. കഴിഞ്ഞ ദിവസം കണ്ണൂർ ആറളത്ത് വച്ചായിരുന്നു സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ കുട്ടി ബൈക്കുമായി ചുറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ മൊബൈല്‍ ഫോണിൽ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും,​ ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ ഈടാക്കുകയായിരുന്നു.

ഇന്ത്യയിൽ, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം 18 വയസാണ് പ്രായം. 2019 ലെ പുതിയ ഗതാഗത നിയപ്രകാരം പ്രയപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താവിന്​ മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ്​ ശിക്ഷ. അതേസമയം പ്രായപൂർത്തിയാകുന്നതിനുമുമ്പ് വണ്ടിയുമായി കറങ്ങുന്നവർക്ക് 25 വയസ്സുവരെ ലൈസൻസ് നൽകരുതെന്ന് അടുത്തിടെ കോടതിവിധി വന്നിരുന്നു.

എന്നാൽ ഇന്ന് ചെറു പ്രയത്തിൽ തന്നെ കുട്ടികൾ വാഹനമോടിക്കുന്നത് വലിയ നേട്ടമായി കാണുന്നവരാണ് പല രക്ഷിതാക്കളും. അതുപോലെ കുട്ടികൾ ഡ്രൈവിംഗ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. ഇത്തരം സാഹസങ്ങളുടെ അപകടം തിരിച്ചറിഞ്ഞിട്ടും കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്.