plastic

കാട്ടാക്കട:വീടുകളിൽ കുമിഞ്ഞ് കൂടുന്ന പാഴ്‌വസ്തുക്കളിൽ ഏറ്റവും കൂടുതലുളള ഒന്നാണ് പ്ളാസ്റ്റിക് കുപ്പികൾ.ഉപയോഗം കഴി‌ഞ്ഞ് വലിച്ചെറിയുന്ന ഇവ സകല ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല.ഇത്തരത്തിൽ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളുപയോഗിച്ച് തന്റെ വീട്ടിലേക്കുളള പാത മനോഹരമായി ഒരുക്കിയിരിക്കുകയാണ് കാട്ടാക്കട ചെമ്പനാകോട് സ്വദേശി രാധാകൃഷ്ണൻ.

പാഴ് കുപ്പികൾ ശേഖരിച്ച് പല നിറത്തിലുളള ചായങ്ങൾ പൂശി കയറിൽ കോർത്ത് കൈവരിയാക്കി സ്ഥാപിച്ചിരിക്കുകയാണ് ഇദ്ദേഹം.കത്തിക്കാനോ കുഴിച്ചിടാനോ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് അദ്ദേഹത്തെ ഇതിൽ കൊണ്ടെത്തിച്ചത്.ഇത്തരത്തിൽ സ്ഥാപിക്കുന്ന കുപ്പികൾക്കുളളിൽ മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി നിറച്ചാൽ ആവശ്യത്തിന് കനവും ബലവും ലഭിക്കും.ഇതിലൂടെ അവയേയും ഉപയോഗപ്പെടുത്താൻ കഴിയും.പ്ളാസ്റ്രിക് കുപ്പികൾ കയറിൽ കോർത്ത് തറയിൽ കമ്പികൾ കുത്തി നിറുത്തി അതിൽ കയറുകൾ കെട്ടിയാണ് ഇവ തൂക്കിയിട്ടിരിക്കുന്നത്.വീട്ടിലെത്തുന്ന വിരുന്നുകാർക്ക് കൗതുകമേറിയ കാഴ്ചയാണ് ഈ പ്ളാസ്റ്റിക് കൈവരികൾ സൃഷ്ടിക്കുന്നത്.ചെലവു കുറഞ്ഞതും നിർമ്മിക്കാൻ എളുപ്പമുളളതുമായ ഈ കൈവരികളിലൂടെ കൗതുകം മാത്രമല്ല,​പ്രകൃതിക്കും സകലചരാചരങ്ങൾക്കും ദോശം വിതയ്ക്കുന്ന ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്ന ഒരു സന്ദേശം കൂടിയാണ് ഈ ഗൃഹനാഥൻ നൽകുന്നത്.ഇത്തരത്തിൽ പാഴ് വസ്തുക്കളിൽ നിന്നും നി‌ർമ്മിച്ച നിരവധി അലങ്കാരങ്ങളും ഇദ്ദേഹം വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്.