
വിജയ്‌യുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ വിജയ്‌യുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നത് ശരത് കുമാറാണെന്നാണ്.
ശരത്കുമാർ തന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിൽ വിജയുടെ അച്ഛന്റെ വേഷമാണ് താൻ ചെയ്യുന്നതെന്നും നടൻ ഷാം വിജയുടെ സഹോദരനായി അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വാരിസ് ഒരു ഫാമിലി എന്റർടെയ്നറാണെന്നും അദ്ദേഹം പറഞ്ഞു.
വിജയ്‍യുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. വാരിസിന്റെ രണ്ടാം ഷെഡ്യൂൾ ജൂലായ് 31ന് പൂർത്തിയായിരുന്നു. ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണമായും അവസാനിക്കും. ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.