lic

കൊച്ചി: ഇൻഷ്വറൻസ് രംഗത്ത് എതിരാളികളെ നിഷ്‌പ്രഭരാക്കിയുള്ള എൽ.ഐ.സിയുടെ മുന്നേറ്റം തുടരുന്നു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെലവപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐർ.ആർ.ഡി.എ.ഐ)​ റിപ്പോർട്ടുപ്രകാരം 68.57 ശതമാനമാണ് ജൂലായിൽ എൽ.ഐ.സിയുടെ വിഹിതം. ജൂണിലെ 65.42 ശതമാനത്തിൽ നിന്നാണ് കുതിപ്പ്.

പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയുടെ വിപണിവിഹിതം കഴിഞ്ഞവർഷം ജൂലായിൽ 65.11 ശതമാനമായിരുന്നു. 29,​117 കോടി രൂപയാണ് എൽ.ഐ.സി കഴിഞ്ഞമാസം മൊത്തം പ്രീമിയം ഇനത്തിൽ സമാഹരിച്ചത്. 2021 ജൂലായിൽ 12,​031 കോടി രൂപയായിരുന്നു.

എസ്.ബി.ഐയുടെ കീഴിലെ എസ്.ബി.ഐ ലൈഫ് 7.02 ശതമാനം വിപണിവിഹിതവുമായി രണ്ടാമത്തെ വലിയ കമ്പനിയായി. ജൂണിൽ വിഹിതം 7.59 ശതമാനമായിരുന്നു. കമ്പനിയുടെ പ്രീമിയം സമാഹരണം 5,​145 കോടി രൂപയിൽ നിന്ന് 54 ശതമാനം ഉയർന്ന് 7,​915 കോടി രൂപയിലെത്തി. വിഹിതം 8.01 ശതമാനത്തിൽ നിന്ന് 6.01 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും എച്ച്.ഡി.എഫ്.സി ലൈഫാണ് മൂന്നാമത്. 4.02 ശതമാനവുമായി ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫാണ് നാലാമത്; ഒരുവർഷം മുമ്പ് കമ്പനിക്ക് 5.08 ശതമാനം വിപണിവിഹിതമുണ്ടായിരുന്നു.