wholesale

ന്യൂഡൽഹി: ഉപഭോക്തൃവില (റീട്ടെയിൽ)​ സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പത്തിന് പിന്നാലെ രാജ്യത്ത് മൊത്തവില (ഹോൾസെയിൽ)​ വില അടിസ്ഥാനമായുള്ള നാണയപ്പെരുപ്പവും താഴേക്ക്. ജൂണിലെ 15.18 ശതമാനത്തിൽ നിന്ന് 13.93 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം മൊത്തവില നാണയപ്പെരുപ്പം താഴ്‌ന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലായിൽ 11.57 ശതമാനമായിരുന്നു.

അതേസമയം,​ തുടർച്ചയായ 16-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നതെന്ന ആശങ്ക നിലനിൽക്കുന്നു. മൊത്ത ഭക്ഷ്യവസ്തു വിലപ്പെരുപ്പം കഴിഞ്ഞമാസം 12.41 ശതമാനത്തിൽ നിന്ന് 9.41 ശതമാനത്തിലേക്ക് താഴ്‌ന്നത് ആശ്വാസമാണ്. മിനറലുകൾ,​ ഭക്ഷ്യേതര വസ്തുക്കൾ,​ ക്രൂഡ് പെട്രോളിയം,​ പ്രകൃതിവാതകം എന്നിവയുടെ വിലനിലവാരവും താഴ്‌ന്നു.

ഭക്ഷ്യവസ്തു വിഭാഗത്തിലുൾപ്പെടുന്ന ധാന്യങ്ങൾ,​ നെല്ല്,​ ഗോതമ്പ്,​ പയർവർഗങ്ങൾ,​ പച്ചക്കറികൾ,​ ഉരുളക്കിഴങ്ങ്,​ സവാള,​ പഴവർഗങ്ങൾ,​ പാൽ,​ മുട്ട,​ മാംസം,​ മത്സ്യം എന്നിവയുടെ വിലനിലവാരം താഴ്‌ന്നതും നേട്ടമായി.

ഉറ്റുനോട്ടം റിസർവ് ബാങ്കിൽ

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് 4-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ജൂണിലെ 7.01ൽ നിന്ന് കഴിഞ്ഞമാസം ഇത് 6.71 ശതമാനത്തിലേക്ക് താഴ്‌ന്നിരുന്നു. പിന്നാലെയാണ് മൊത്തവില നാണയപ്പെരുപ്പവും താഴ്ന്നത്. റീട്ടെയിൽ നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തുംവരെ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടുമോ അതോ നിലനിറുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ ഉയർത്തിയിരുന്നു.

മൊത്തവിലപ്പെരുപ്പം

ജനുവരി : 13.68%

ഫെബ്രുവരി : 13.43%

മാർച്ച് : 14.55%

ഏപ്രിൽ : 15.08%

മേയ് : 15.88%

ജൂൺ : 15.18%

ജൂലായ് : 13.93%