pic

മുംബയ്: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 390 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു. ജൽന, ഔറംഗാബാദ് എന്നിവിടങ്ങളിലുള്ള രണ്ട് വ്യവസായ ഭീമൻമാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കണക്കിൽപ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വർണ്ണവും ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുത്തുന്ന ഫോട്ടോകൾ പ്രചരിച്ചിരുന്നു.

ഈ വലിയ കള്ളപ്പണ വേട്ടയ്ക്ക് ഉദ്യോഗസ്ഥർ തയ്യാറെടുത്തത് എങ്ങനെയെന്നതാണ് കൗതുകമുളവാക്കുന്നത്. റെയ്ഡ് വിവരം ചോരാതെ ഉദ്യോഗസ്ഥരെയും പൊലീസിനെയും എത്തിക്കുന്നതിനായി 120 വാഹനങ്ങളാണ് വാടകയ്ക്ക് എടുത്തത്. ഒരു സമ്പന്ന വിവാഹ പാർട്ടിയുടെ സഞ്ചാരം കണക്കെയാണ് ഇവർ ഒരുങ്ങിയെത്തിയത്. വാഹനങ്ങളും അതിമനോഹരമായി അലങ്കരിച്ചു. ചില വാഹനങ്ങളിൽ 'ദുൽഹൻ ഹം ലേ ജായേംഗേ' എന്നെഴുതിയ ബോർഡുകൾ ഉണ്ടായിരുന്നു. വരന്റെ പാർട്ടി സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഇപ്പോഴും ഈ ജനപ്രിയ ഹിന്ദി സിനിമയുടെ പേര് ഉപയോഗിക്കുന്നുണ്ട് ഉത്തരേന്ത്യയിൽ.

സ്റ്റീൽ, ടെക്‌സറ്റൈൽസ്, റിയൽ എസ്റ്റേറ്റ് എന്നീ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വെയർഹൗസുകൾ, ഫാം ഹൗസുകൾ എന്നിവിടങ്ങളിലുമാണ് ആദായ നികുതി സംഘം റെയ്ഡ് നടത്തിയത്. ഇതിനായി 260 ഉദ്യോഗസ്ഥരെ അഞ്ച് ടീമുകളായി തിരിച്ചു. അടുത്തകാലത്ത് ആദായ നികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്.