tagore

ജന ഗണ മന അധി നായക ജയഹേ

ഭാരത ഭാഗ്യ വിധാതാ...

ടാഗോറിന്റെ തൂലികത്തുമ്പിലൂടെ ഭാരതത്തിന്റെ തങ്ക ലിപികളിൽ കൊത്തിവയ്ക്കപ്പെട്ട വരികൾ. ഭാരതീയരുടെ സിരകളിൽ വൈദ്യുതി പോലെ ദേശീയത പ്രവഹിക്കത്തക്ക മാന്ത്രികതയാണ് ടാഗോർ വരികൾക്കിടയിൽ കാത്തുവച്ചത്. 'നാനാത്വത്തിൽ ഏകത്വം' എന്നതാണ് ദേശീയ ഗാനത്തിന്റെ കാതലായ സാരാംശം.

'ഭാരതോ ഭാഗ്യോ ബിധാതാ' എന്ന ടാഗോറിന്റെ ബംഗാളി ഗാനമാണ് ജന ഗണ മനയുടെ ആദിരൂപം. ബംഗാളി സാഹിത്യത്തിലെ സാധുഭാഷയിലാണ് ഇത് എഴുതിയിട്ടുള്ളത്. അഞ്ചു ചരണങ്ങളുള്ള ഗാനത്തിന്റെ ആദ്യ ഭാഗമാണ് ദേശീയഗാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രഹ്മസമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ തത്വബോധിനി പത്രികയിൽ 1905 ലാണ് ഭാരതോ ഭാഗ്യോ ബിധാതാ' എന്ന പേരിൽ ഗാനം ആദ്യമായി അച്ചടിച്ചു വന്നത്. ടാഗോറായിരുന്നു മാസികയുടെ പത്രാധിപർ. അനന്തരവനും സംഗീതജ്ഞനുമായ ദിനേന്ദ്ര നാഥ ടാഗോറിന്റെ സഹായത്താൽ ടാഗോർ തന്നെയാണ് ഗാനത്തിന് ഈണം കൊടുത്തത്. അൽഹയ്യ ബിലാവൽ രാഗത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ടാ സമ്മേളനത്തിൽ സരളാ ദേവി ചൗധ്റാണിയാണ് പൊതുവേദിയിൽ ജന ഗണ മന ആദ്യമായി ആലപിച്ചത്.

ആന്ധ്രാപ്രദേശിലെ മദനപ്പള്ളി തിയോസഫിക്കൽ സൊസൈറ്റിയിൽ പാശ്ചാത്യ നൊട്ടേഷൻ പ്രകാരം ജന ഗണ മന പകർത്തി സൂക്ഷിച്ചിട്ടുണ്ട്. ടാഗോർ ' ദ മോണിംഗ് സോംഗ് ഒഫ് ഇന്ത്യ എന്ന പേരിൽ ഗാനത്തെ ആദ്യമായി ഇംഗ്ലീഷ് വിവർത്തനം ചെയ്തതും ഇവിടെ വച്ചാണ്. ദേശീയഗാനമായി ജന ഗണ മനയെ തെരഞ്ഞെടുത്തതിനു പിന്നിലെ യഥാർത്ഥ ചാലകശക്തി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു.

1947 ആഗസ്റ്റ് 14 അർദ്ധരാത്രി ഇന്ത്യൻ ഭരണഘടന സമിതി ഒരു പരമാധികാര സമിതിയായി സമ്മേളിക്കുകയും ജന ഗണ മന യോടെ അവസാനിപ്പിക്കുകയും ചെയ്തു. 1950 ജനുവരി 24 ന് ഇന്ത്യൻ പാർലമെന്റിൽ ജന ഗണ മന അവതരിപ്പിച്ചതോടെ ഇന്ത്യൻ ഭരണഘടന ദേശീയ ഗാനമായി ഇത് അംഗീകരിച്ചു.

ദേശീയ ഗാനം ഔപചാരികമായി ആലപിക്കാനുള്ള സമയദൈർഘ്യം 52 സെക്കൻഡാ ണ്. എന്നാൽ ആദ്യാവസാന വരികളുടെ ചുരുക്ക രൂപം ആലപിക്കാനുള്ള സമയം ഏകദേശം 20 സെക്കൻഡുകളാണ്.