jawaharlal-nehru

സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യ എങ്ങനെയായിരുന്നു എന്ന് വായിച്ചറിവും കേട്ടറിവും മാത്രമേ എനിക്കുള്ളൂ. സ്വതന്ത്ര ഇന്ത്യയ്ക്ക് ഏഴു വയസുള്ളപ്പോൾ ജനിച്ചയാളാണ് ഞാൻ. 1947 നു മുമ്പുള്ളതിനേക്കാൾ മനുഷ്യജീവിതങ്ങളിൽ എന്തൊക്കെയോ നല്ല മാറ്റങ്ങൾ വന്നു ഭവിച്ചു എന്ന അവബോധത്തോടെയാണ് ഞങ്ങളുടെ തലമുറ വളർന്നത്. സ്വതന്ത്ര ഭാരതത്തിൽ ജനിക്കാനും ജീവിക്കാനും

സാധിച്ചതിൽ ഉള്ളിലെവിടെയോ നിർവചിക്കാനാവാത്ത അഭിമാനബോധം ചിന്തയിൽ ഇടംപിടിച്ചിരുന്നു. മുൻ തലമുറകളെക്കാൾ അനുഗൃഹീതരാണ് ഞങ്ങൾ എന്ന അവബോധം.

മൈലുകൾ താണ്ടി സ്‌കൂളിൽ പോകേണ്ടി വന്ന ബാല്യങ്ങളുടെ കഥകൾ വായിക്കുമ്പോൾ 'ഓ അങ്ങനെയും ഒരു കാലമുണ്ടായിരുന്നു; അല്ലേ' എന്ന് ഞങ്ങൾ അദ്ഭുതം കൂറി. രാജ്യത്തിന്റെ മഹത്വത്തെക്കുറിച്ച് പ്രസംഗിച്ചതിനും രാജ്യസ്‌നേഹത്താൽ പ്രചോദിതരായി യോഗം ചേർന്നതിനും അറസ്റ്റു വരിച്ചവരുടെയും ജീവൻ വെടിയേണ്ടി വന്നവരുടെയും കഥകൾ അവിശ്വസനീയമായി തോന്നിയിരുന്നു. കാരണം,​ ഞങ്ങൾക്കു ചുറ്റും ജനങ്ങൾ സമരം ചെയ്യുകയും പ്രസംഗിക്കുകയും ജാഥകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതു കാണുമ്പോൾ ഇതിനൊന്നും അനുവാദമില്ലാതിരുന്ന ഒരു കാലം വിസ്മൃതമായൊരു പേടിസ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്.

ഈ അഭിമാനബോധം ആഴത്തിലുള്ള അനുഭവമായി രൂപപ്പെട്ടത് 1962 ലെ ചൈനീസ് ആക്രമണകാലത്താണ്. അതാണ് എന്റെ തലമുറയുടെ ആദ്യത്തെ യുദ്ധകാലാനുഭവം. അങ്ങ് ഹിമാലയൻ അതിർത്തിയിൽ ഇന്ത്യാ രാജ്യത്തെ ആക്രമിച്ചു കീഴടക്കാൻ
പുറപ്പെട്ട ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാനും, രാജ്യത്തെ സംരക്ഷിക്കാനുമായി നമ്മുടെ പട്ടാളക്കാർ കൊടും തണുപ്പിൽ നടത്തുന്ന ത്യാഗപൂർണമായ പരിശ്രമങ്ങളെക്കുറിച്ച് പത്തു വയസ്സുകാരായ ഞങ്ങളോട് ആവേശപൂർവം വിശദീകരിച്ചു തന്നത് സ്‌കൂളിലെ കായികാദ്ധ്യാപകൻ നേശയ്യ സാർ ആയിരുന്നു. അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു ബർമ്മയിലൊക്കെ
യുദ്ധം ചെയ്ത അനുഭവസ്ഥനാണ്.

ചൈനക്കാർ തോറ്റോടേണമേ എന്ന് അന്ന് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതൊക്കെ എനിക്കോർമ്മയുണ്ട്. സ്‌കൂളിൽ
പച്ചക്കറികൾ ലേലം ചെയ്തു യുദ്ധഫണ്ട് പിരിച്ചതും, ദേശസ്‌നേഹത്താൽ ആവേശിതനായി ലേലത്തിൽ പങ്കെടുത്ത് രണ്ടു തക്കാളി പത്തു രൂപയ്ക് ഞാൻ ലേലത്തിൽ പിടിച്ചതും, അത് അമ്മയെ അന്ധാളിപ്പിച്ചതും മറക്കാത്ത ഓർമ്മകളാണ്. ജവാഹർലാൽ നെഹ്റുവിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതും അക്കാലത്താണ്. ഗാന്ധിജിയെ അറിയുന്നതു പോലും നെഹ്റുവിലൂടെയായിരുന്നു. പിന്നെ മനസ്സിലിടം പിടിച്ചത് 1964 മേയ് 27 ൽ നെഹ്റു മരിക്കുന്നതാണ്. ഒരു യുഗം അവസാനിക്കുന്നു എന്നൊക്കെ പത്രവർത്തകളുടെ ശീർഷകത്തിൽ വായിക്കാറില്ലേ? ഒരു പന്ത്രണ്ടുകാരന്റെ അനുഭവം യാഥാർത്ഥത്തിൽ അതു തന്നെയായിരുന്നു.


അതിനു ശേഷമുള്ള ഇന്ത്യാ ചരിത്രം സംക്ഷേപിക്കേണ്ടതില്ല. സ്വാതന്ത്ര്യം അവസരസമത്വമായും അഭിപ്രായ സ്വാതന്ത്ര്യമായും അന്തസോടെ ജീവിക്കാനുള്ള ഓരോ ഭാരതീയന്റെയും അവകാശമായും സങ്കല്പിച്ചു വളർന്ന ഞങ്ങളുടെ തലമുറയ്ക്ക് ഇപ്പോൾ എഴുപതു വയസാകുന്നു. തിരിഞ്ഞുനോക്കുമ്പോൾ രാജ്യത്തിന്റെ അനേകം സങ്കീർണമായ പ്രശ്നങ്ങൾ നേരിടാൻ നമുക്കായി. സ്വാതന്ത്ര്യം ഞങ്ങൾക്ക് ജീവിതം തന്നു. മനുഷ്യാവകാശങ്ങൾ തന്നു. അവസരങ്ങൾ തന്നു. ഞങ്ങളുടെ മക്കൾക്ക് പുതിയ അവസരങ്ങളും സാദ്ധ്യതകളും കൊടുത്തു. ജീവിത നിലവാരം മെച്ചപ്പെടുത്തി. ഏഴു പതിറ്റാണ്ടുകൾക്കു ശേഷം നമ്മുടെ ആശങ്കകൾ അവസാനിച്ചോ?

ഒരു രാജ്യമെന്ന നിലയിൽ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ നമ്മുടെ തല താഴ്ത്തിക്കളയുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ, അഴിമതി, രാഷ്ട്രീയ രംഗത്തെ അധാർമ്മികത, മാർഗമെന്തായാലും ലക്ഷ്യം നേടിയാൽ മതി എന്ന ബോദ്ധ്യം,​ സമ്പത്തിന്റെ മടുപ്പിക്കുന്ന
സാന്ദ്രീകരണം, സ്വകാര്യലാഭത്തിനു വേണ്ടി പൊതു നയങ്ങൾ വക്രീകരിക്കപ്പെടുന്ന പ്രവണത, വിമതാഭിപ്രായങ്ങളെ രാജ്യദ്രോഹമായി
വ്യാഖ്യാനിക്കാനുള്ള ഭരണകൂടത്തിന്റെ വാസന, അധികാരവും പണവുമില്ലാത്തവനോട് മാർദ്ദവത്തോടെയും കരുണയോടെയും സമീപിക്കാനുള്ള സർക്കാരുകളുടെ വിമുഖത, അധികാരിവർഗത്തിന്റെ അനുദിനം വളരുന്ന പ്രമത്തത എന്നിവയെല്ലാം പ്രതീക്ഷയെക്കാളേറെ ആശങ്കയുണർത്തുന്നു.

ഓരോ കണ്ണിൽ നിന്നും കണ്ണീരൊപ്പാനുള്ള അവസരമാണ് രാഷ്ട്രീയ സ്വാതന്ത്ര്യവും അധികാരവും എന്ന നെനെഹ്റുവിയൻ സങ്കല്പം അന്യമായപ്പോൾ സ്വാതന്ത്ര്യത്തിന്റെ ഭവനത്തിൽ നിന്ന് കാരുണ്യം ബഹിഷ്‌കൃതമായി. വിശന്നുറങ്ങുകയും അധികാരമില്ലാത്തതുകൊണ്ട് ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന നിസ്സഹായരായ ഭാരതീയർ ഉള്ളിടത്തോളം ഭാരതത്തിന്റെ ഹൃദയത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃതം പൂർണമായി കിനിയുകയില്ല. ഇതൊക്കെ തിരിച്ചറിയാനും മനസുകൊണ്ടെങ്കിലും അവ പുനഃപ്രതിഷ്ഠിക്കാനുമുള്ള അവകാശം ആർക്കും അടിയറവു വയ്‌ക്കേണ്ടതുമില്ല.