kk

വിടവാങ്ങിയത് ഇന്ത്യയുടെ 'വാറൻ ബഫറ്റ്"

മുംബയ്: ഓഹരി നിക്ഷേപങ്ങളിലൂടെ ശതകോടീശ്വരനായി മാറിയ രാകേഷ് ജുൻജുൻവാല (62)​ അന്തരിച്ചു. ഒരാഴ്ച മുമ്പ് സർവീസ് ആരംഭിച്ച വിമാനക്കമ്പനിയായ ആകാശ എയർ അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. ഫോബ്‌സ് മാഗസിന്റെ ആഗോള സമ്പന്നപട്ടികപ്രകാരം 580 കോടി ഡോളർ ആസ്‌തിയുള്ള (ഏകദേശം 46,​000 കോടി രൂപ)​ ഇന്ത്യയിലെ 36-ാമത്തെ അതിസമ്പന്നനാണ്. ഓഹരി വിപണിയിൽ നിന്ന് കോടികൾ കൊയ്തിരുന്ന അദ്ദേഹം ഇന്ത്യയുടെ 'വാറൻ ബഫറ്റ്" എന്നാണ് അറിയപ്പെട്ടിരുന്നത്.

ഏറെ നാളായി പ്രമേഹത്തിനും വൃക്ക, ഹൃദയ രോഗങ്ങൾക്കും ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മുംബയ് ബീച്ച് കാൻഡി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും 6.45ഓടെ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്കാരം ഇന്നലെ വൈകിട്ട് അഞ്ചരയോടെ മലബാർ ഹിൽസിലെ വസതിക്ക് സമീപമുള്ള ബൻഗംഗ ശ്മശാനത്തിൽ നടത്തി.

ഓഹരിവിപണിയിലെ 'ബിഗ് ബുൾ' എന്നറിയപ്പെടുന്ന രാകേഷ്,​ 1960 ജൂലായ് അഞ്ചിന് മുംബയിലെ രാജസ്ഥാനി കുടുംബത്തിലാണ് ജനിച്ചത്. മുംബയിൽ ആദായ നികുതിവകുപ്പിൽ കമ്മിഷണറായിരുന്ന രാധേശ്യാംജി ജുൻജുൻവാലയുടേയും ഉർമ്മിളയുടെയും മകനാണ്. രേഖ ഭാര്യയും നിഷ്‌ത, ആര്യമാൻ, ആര്യവീർ എന്നിവർ മക്കളുമാണ്.

'ആകാശ എയർ' ഈ മാസം ഏഴിനാണ് കന്നിപ്പറക്കൽ നടത്തിയത്. കോളേജ് വിദ്യാർത്ഥിയായിരിക്കേ 1985ൽ സുഹൃത്തിൽ നിന്ന് കടംവാങ്ങിയ 5,000 രൂപയുമായാണ് ഓഹരിനിക്ഷേപത്തിലേക്ക് കടന്നത്. ആദ്യ നിക്ഷേപം വൻലാഭമായതോടെ തന്റെ വഴി അതാണെന്ന് തീരുമാനിച്ചു. നിലവിൽ വിവിധ കമ്പനികളിലായി 26,000 കോടിയോളം രൂപയുടെ ഓഹരി നിക്ഷേപമുണ്ട്. ആസ്തിയുടെ 25 ശതമാനം സാമൂഹിക ക്ഷേമത്തിന് മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒപ്പം ഓഹരി നിക്ഷേപത്തിലും ശ്രദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി,​ കേന്ദ്രമന്ത്രിമാരായ അമിത് ഷാ,​ രാജ്‌നാഥ് സിംഗ്,​ നിർമ്മല സീതാരാമൻ,​ അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി,​ ടാറ്റാ സൺസിന്റെ എൻ.ചന്ദ്രശേഖരൻ തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.

(ആകാശവും കീഴടക്കി

ജുൻജുൻവാല മറഞ്ഞു - വിശദവാർത്ത വാണിജ്യം പേജിൽ)