v-v-road

തിരുവനന്തപുരം: പാറ്റൂർ വി.വി റോഡ് ഡ്രെയിനേജ് ജോലികൾക്കായി വെട്ടിപ്പൊളിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിൽ. ഡ്രെയിനേജ് ജോലികൾ കഴിഞ്ഞിട്ടും റോഡ് ഗതാഗത യോഗ്യമാക്കിയില്ലെന്നാണ് ആക്ഷേപം. ഒരുവശമാണ് വെട്ടിപ്പൊളിച്ചതെങ്കിലും പിന്നീട് വശങ്ങൾ അടർന്ന് പകുതിക്ക് മുകളിൽ പൊളിഞ്ഞ നിലയിലായി. ഇപ്പോൾ വാഹനങ്ങൾ ഒരു വശം ചേർന്നാണ് പോകുന്നത്.

എതിർദിശയിൽ വാഹനങ്ങളെത്തിയാൽ കുഴിയിലിറങ്ങേണ്ടിവരും. റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് എട്ടുമാസം കഴിഞ്ഞെന്നാണ് വി.വി റോഡ് നിവാസികൾ പറയുന്നത്. മഴക്കാലമാകുമ്പോൾ ഇരുചക്ര വാഹനത്തിലോ നടന്നോ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വിഷയം പലപ്പോഴായി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് ഇവർ പറയുന്നു. വീടുകൾ,ജനസേവന കേന്ദ്രം,അപ്പാർട്ട്മെന്റുകൾ,ഡെന്റൽ ക്ലിനിക്ക്,വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്ഥലമാണിത്. വി.വി റോഡിന്റെ ഒരു ഭാഗം പേട്ട വാർഡിന്റെയും മറുഭാഗം വഞ്ചിയൂർ വാർഡിന്റെയും പരിധിയിലാണ്.

വി.വി റോഡിലെ ജോലികൾ രണ്ട് മാസത്തിനകം ആരംഭിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തിയാകാനുള്ള കാലതാമസമാണെന്നും വഞ്ചിയൂർ കൗൺസിലർ ഗായത്രിയും പേട്ട കൗൺസിലർ സുജയും കേരളകൗമുദിയോട് പറഞ്ഞു.