super-vasuki

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും നീളവും ഭാരവും കൂടിയ ചരക്ക് ട്രെയിൻ 'സൂപ്പർ വാസുകി" ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ റെയിൽവേ ഓടിച്ചു. 295 വാഗണുകളാണ് 3.5 കിലോമീറ്റർ നീളമുള്ള ചരക്ക് ട്രെയിനിനുള്ളത്. ഛത്തീസ്ഗഢിലെ കോർബയിൽ നിന്ന് നാഗ്പൂരിലെ രാജ്നന്ദ്ഗാവോയിലേക്ക് ആഗസ്റ്റ് 15ന് 27,000 ടൺ കൽക്കരി കൊണ്ടുപോയാണ് ടെസ്റ്റ് നടത്തിയത്. ഒരു സ്റ്റേഷൻ കടക്കാൻ ട്രെയിൻ ഏകദേശം നാല് മിനിട്ട് എടുക്കുമെന്ന് റെയിൽവേ അറിയിച്ചു. സൂപ്പർ വാസുകിയിൽ കൊണ്ടുപോകുന്ന കൽക്കരി ഉപയോഗിച്ച് 3000 മെഗാവാട്ടുള്ള വൈദ്യുതി നിലയം ഒരു ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാം. ഇന്ധനക്ഷാമം പരിഹരിക്കാൻ ഭാവിയിൽ ഇത്തരം ട്രെയിനുകൾ കൂടുതൽ കൊണ്ടുവരാനാണ് റെയിൽവേ ശ്രമിക്കുന്നത്.