heavy-rain

ഷിംല: കഴിഞ്ഞ രണ്ട് ദിവസമായി വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ടുള്ള മരണം 35 ആയി. ഹിമാചൽപ്രദേശിൽ ഒരു കുടുംബത്തിലെ എട്ട് പേരടക്കം 22 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടതും 10 പേരെ കാണാതായതും ആശങ്ക സൃഷ്ടിച്ചു.

നദികൾ കര കവിഞ്ഞൊഴുകിയതോടെ വിവിധ ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു.

ഒഡിഷയിൽ ഏകദേശം 4.5 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ആറ് പേർ മരിച്ചു. മയൂർഭ‌‌ഞ്ച്, കേന്ദ്രപ്പാറാ, ബാലാസോർ എന്നീ ജില്ലകളിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

ജാർഖണ്ഡിലെ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു.

മഴയെ തുടർന്ന് താത്കാലികമായി നിറുത്തി വച്ച ജമ്മു-കാശ്‌മീരിലെ വൈഷ്ണോ ദേവി യാത്ര ഇന്നലെ രാവിലെ പുനഃരാരംഭിച്ചു.

കിഴക്കൻ രാജസ്ഥാനിലും പടിഞ്ഞാറൻ മദ്ധ്യപ്രദേശിലും വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.