
മഥുര : കുരങ്ങന്മാരെ കൊണ്ട് പൊറുതി മുട്ടിയ അവസ്ഥയിലാണ് മഥുരയിലെ വൃന്ദാവൻ പ്രദേശവാസികൾ. എന്നാൽ, ഇത്തവണ കുരങ്ങന്മാരുടെ വികൃതിയ്ക്ക് ഇരയായത് ജില്ലാ മജിസ്ട്രേട്ട് ആയിരുന്നു. മജിസ്ട്രേറ്റിന്റെ കണ്ണടയാണ് കുരങ്ങൻ കൈക്കലാക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി.
മഥുരയിലെ വൃന്ദാവനിലെ ശ്രീബങ്കെ ബെഹാരി ടെമ്പിൾ ടൗണിലാണ് രസകരമായ സംഭവം നടന്നത്. ഇവിടെ ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്ന ഡിസ്ട്രിക്ട് മജിസ്ട്രേട്ട് നവ്നീത് ചഹലിന്റെ കണ്ണട പൊലീസിന്റെ സുരക്ഷാ വലയത്തെ കബളിപ്പിച്ച് അടിച്ചു മാറ്രിയ കുരങ്ങന്റെ പിന്നാലെയായിരുന്നു പിന്നീട് പൊലീസും മറ്റുള്ളവരും. കണ്ണടയുമായി മതിലിൽ ഇരിക്കുന്ന കുരങ്ങനും കണ്ണട വീണ്ടെടുക്കാൻ പതിനെട്ടടവും പയറ്റുന്ന പൊലീസുകാരുമാണ് വീഡിയോയിൽ. ഒടുവിൽ മാംഗോ ജ്യൂസ് കൊടുത്ത് കുരങ്ങനെ പാട്ടിലാക്കിയാണ് കണ്ണട വീണ്ടെടുത്തത്. വീടുകളിൽ അതിക്രമിച്ചു കയറി കുരങ്ങന്മാർ ഭക്ഷണം മോഷ്ടിക്കാറുണ്ടെങ്കിലും കണ്ണട അടിച്ചു മാറ്റിയതിലെ കൗതുകമാണ് പലരും കമന്റിലൂടെ പങ്കുവച്ചത്.