
നോയ്ഡ: നോയ്ഡയിൽ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ അഭിഭാഷക അറസ്റ്റിലായി. ഗേറ്റ് തുറക്കാൻ വൈകിയതിനാണ് യുവതി ജീവനക്കാരന് നേരെ രോഷം പ്രകടിപ്പിച്ചത്. ഡൽഹിയിലെ ഗൗതം ബുദ്ധ് നഗറിലേക്ക് കാറിൽ വന്ന അഭിഭാഷകയായ ഭവ്യ റായ് റസിഡൻഷ്യൽ ഏരിയയ്ക്ക് പുറത്ത് കുറച്ചുസമയം കാത്തു നിന്നു. ഗേറ്റ് തുറക്കാൻ വൈകിയതോടെ കാറിൽ നിന്നിറങ്ങി സെക്യൂരിറ്റി ജീവനക്കാരന് നേരെ പാഞ്ഞടുത്തു. തുടർന്ന് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും മോശം ആംഗ്യം കാണിക്കുന്നതും ഷർട്ടിൽ കുത്തിപ്പിടിച്ച് വലിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇതിനു ശേഷം മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. യുവതി സ്വന്തം കാറിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതാണ് ആ വീഡിയോയുടെ ഉള്ളടക്കം. പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് വാഹനത്തിൽ കയറാൻ ഇവർ കൂട്ടാക്കിയില്ല. തുടർന്നാണ് കാറിൽ പൊലീസുകാരനൊപ്പം ഡ്രൈവ് ചെയ്ത് പോയതെന്നാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ്ഭാഷ്യം. യുവതി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.