
തിരുവനന്തപുരം: സൊസൈറ്റികൾക്ക് ടെണ്ടറിൽ പത്തു ശതമാനം അധിക നിരക്കിന്റെ സൗജന്യം അനുവദിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികൾ സെക്രട്ടേറിയറ്റിനു മുന്നിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അഞ്ചു ലക്ഷം വരെ അടങ്കലുള്ള ടെണ്ടറുകൾ ഇ -ടെണ്ടറിൽ നിന്ന് ഒഴിവാക്കുക, വിലവ്യതിയാന വ്യവസ്ഥ എഗ്രിമെന്റിൽ ഉൾക്കൊള്ളിക്കുക, 2021 ഡി.എസ്.ആർ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തലസ്ഥാനത്തെ ഗവ. കോൺട്രാക്ടർമാർ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. വിവാദ ഉത്തരവ് കത്തിച്ചായിരുന്നു ധർണയ്ക്കു തുടക്കം. അസോ. ട്രഷറർ ജി. തൃദീപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ കെ.എം. അക്ബർ, എസ്. ഹരികുമാർ, സെക്രട്ടറി എ.കെ. ഷാനവാസ്, സംഘടനാ നേതാക്കളായ എ. മനാഫ്, ജി. സോമശേഖരൻ നായർ, പദ്മകുമാർ, എം.ജെ. അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജോലികൾ നിറുത്തിവച്ച് സമരം ശക്തമാക്കുമെന്നും അസോ. മുന്നറിയിപ്പു നൽകി.
ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെ ധർണയ്ക്ക് അസോ. സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര വടക്കാഞ്ചേരിയിലും (തൃശൂർ), വൈസ് പ്രസിഡന്റ് കെ. നന്ദകുമാർ പാലക്കാട്ട് താലൂക്ക് ആസ്ഥാനത്തും സെക്രട്ടറി സജിമാത കോഴിക്കോട് പൊതുമരാമത്ത് കോംപ്ളക്സിലും ധർണ ഉദ്ഘാടനം ചെയ്തു.