kavitha

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ കെ. കവിത ഡൽഹി മദ്യനയ കുംഭകോണത്തിൽ ഇടനിലക്കാരിയായെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് പർവേശ് വർമ്മ. ആം ആദ്മി പാർട്ടിയുടെയും മദ്യമാഫിയയുടെയും ഇടനിലക്കാരിയായി പ്രവർത്തിച്ചത് കവിത ആണെന്നാണ് ആരോപണം.

എന്നാൽ, ആരോപണങ്ങൾ കവിത നിഷേധിച്ചു. പലപ്പോഴും കെ.സി.ആറിന്റെ രൂക്ഷ വിമർശനങ്ങൾക്ക് ഇരയാകുന്ന ബി.ജെ.പി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സത്ക്കീർത്തി നഷ്ടപ്പെടുത്തുന്നതിനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്.  അന്വേഷണം നടത്തട്ടെയെന്നും അന്വേഷണ ഏജൻസികളുടെ ചോദ്യങ്ങളോട് സഹകരിക്കുമെന്നും അവർ വ്യക്തമാക്കി. 

മദ്യ നയവുമായി ബന്ധപ്പെട്ട് സിസോദിയയുമായി നിരവധി തവണ കവിത കൂടിക്കാഴ്ച നടത്തിയതായി പർവേശ് വർമ്മയും മ‌ഞ്ജീന്ദർ സിർസയും വാർത്താസമ്മേളനത്തിലാണ് പറഞ്ഞത്. 150 കോടി രൂപ ഇതുമായി ബന്ധപ്പെട്ട് സിസോദിയ കൈപ്പറ്റി. മദ്യ വില്പനക്കാരുടെ കമ്മിഷൻ തുക പത്ത് ശതമാനമായി ഉയർത്തിയത് എന്തിനാണെന്ന് കേജ്‌രിവാളും സിസോദിയയും വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, പർവേശ് വർമ്മയ്ക്കും മ‌ഞ്ജീന്ദർ സിർസയ്ക്കും എതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ടി.ആർ.എസ് നേതാക്കൾ അറിയിച്ചു. കവിതയും കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയുണ്ട്.