ev-charge

തിരുവനന്തപുരം: ജില്ലയിലെ വിവിധയിടങ്ങളി​ലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ 141 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റുകൾ ആരംഭിച്ചു. ടു,ത്രീ വീലർ വാഹനങ്ങൾക്കായിട്ടാണ് ചാർജിംഗ് പോയിന്റുകളെങ്കിലും ഫോർ വീലറുകൾക്കും വേഗത കുറഞ്ഞതാണെങ്കിലും സ്റ്റേഷൻ ഉപയോഗിക്കാം. 1 യൂണിറ്റ് വൈദ്യുതിക്ക് 9 രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ് ഈടാക്കുന്നത്. 'ചാർജ് മോഡ്' (chargeMOD) എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത് മുൻകൂറായി പണമടച്ചുവേണം (പ്രീപെയ്ഡ്) ചാർജ് ചെയ്യാൻ. സെപ്തംബറോടെ ഉപയോഗിച്ചതിനു ശേഷം പണമടയ്ക്കുന്ന (പോസ്റ്റ് പെയ്ഡ്) സംവിധാനം നിലവിൽ വരും. 0-100 ശതമാനം ചാർജാകാൻ 3 മണിക്കൂർ വരെ സമയമെടുക്കും. സംസ്ഥാനത്തുടനീളം 1165 സ്റ്റേഷനുകളാണ് വരുന്നത്.15000 രൂപ മുതലുള്ള ചാർജിംഗ് പോയിന്റുകൾ സ്വകാര്യ വ്യക്തികൾക്കും സ്ഥാപിച്ച് വരുമാനം കണ്ടെത്താൻ കഴിയും. കൂടുതൽ വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്.ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുമായി ടാറ്റ അടക്കമുള്ള കമ്പനികൾ രംഗത്തെത്തുകയാണ്.

ചാർജ് മോഡ്' ആപ്പ്

ആൻഡ്രോയിഡ്, ആപ്പിൾ പ്ലേസ്റ്റോറുകളിൽ ആപ്പ് ലഭ്യമാകും

ചാർജിംഗ് പോയിന്റിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പേരും മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങിയശേഷം പണമടച്ച് ഒരു വ‌ർഷത്തേക്കുള്ള സബ്സ്ക്രിപ്ഷനെടുക്കണം

നാല് പാക്കേജുകളാണ് നിലവിലുള്ളത്

1 ഗ്രീൻ, 401 രൂപ- ഒരു വർഷത്തേക്ക് 37.7 കിലോവാട്ട് അവ‌ർ ഉപയോഗിക്കാം

2 ബ്ലൂ, 976 രൂപ- ഒരു വർഷത്തേക്ക് 91 കിലോവാട്ട് അവ‌ർ ഉപയോഗിക്കാം

3 റെയിൻബോ, 106.30 രൂപ- ആറ് മാസത്തേക്ക് 10 കിലോവാട്ട് അവ‌ർ ഉപയോഗിക്കാം

4 സിയാൻ, 640 രൂപ- ഒരു വർഷത്തേക്ക് 60.3 കിലോവാട്ട് അവ‌ർ ഉപയോഗിക്കാം

നിലവിലുള്ള സബസ്ക്രിപ്ഷൻസ് 199,299,399,699 എന്നീ നിരക്കുകളിൽ ടോപ് അപ്പ് ചെയ്യാനും സാധിക്കും

ഏതൊക്കെ സ്റ്റോഷനുകൾ നമ്മുടെ തൊട്ടടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാൻ സാധിക്കും വാഹനത്തിന്റെ ചാർജിംഗ് കണക്ടറിന്റെ രീതിയും ചാർജിംഗ് സ്റ്റേഷന്റെ രീതിയും നോക്കി തിരഞ്ഞെടുക്കാം

ചാർജ് ചെയ്യേണ്ട വിധം

ചാർജിംഗ് പ്ലഗ് സ്റ്റേഷനിൽ കണക്ട് ചെയ്ത ശേഷം ആപ്പ് ഓപ്പൺ ചെയ്ത് സ്റ്റാർട്ട് ചാർജിംഗ് എന്ന ഓപ്ഷനിൽ അമർത്തുക. ചാർജ് മതിയാകുമ്പോൾ സ്റ്രോപ് ചാർജിംഗ് ഓപ്ഷനിൽ അമർത്തിയ ശേഷം മാത്രം പ്ലഗ് സ്റ്റേഷനിൽ നിന്നും പിൻവലിക്കുക