
തിരുവനന്തപുരം: ഓണക്കാലം എത്തിയപ്പോൾ തിരുവനന്തപുരത്തുകാരെ സങ്കടത്തിലാഴ്ത്തുകയാണ് ശംഖുംമുഖം ബീച്ച്. ബീച്ചിലെ നീണ്ടുപരന്ന മണൽത്തിട്ടയുടെയും നടപ്പാതയുടെയും ഏറിയപങ്കും കടൽ വിഴുങ്ങി. ഇടിഞ്ഞുതകർന്ന നിലയിലാണ് ശേഷിച്ച ഭാഗം. മാസങ്ങളായി ബീച്ചിന്റെ പരിസരത്തേക്ക് സഞ്ചാരികൾക്ക് പ്രവേശന വിലക്കുണ്ട്. ദിവസവും ആയിരക്കണക്കിനാളുകളാണ് ബീച്ചിൽ എത്തിയിരുന്നത്. തീരം തകർന്നതോടെ സഞ്ചാരികൾ ഗണ്യമായി കുറഞ്ഞത് ബീച്ചിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവരെയും അവതാളത്തിലാക്കി. നിലവിൽ ശംഖുംമുഖം പാർക്കിൽ ആളുകൾ എത്തുന്നുണ്ട്. തീരമില്ലെങ്കിലും പാർക്കിനടുത്തായി ഓണച്ചന്ത ഒരുക്കാനുള്ള ശ്രമം നടക്കുന്നതായി ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി കേരളകൗമുദിയോട് പറഞ്ഞു.
ഷീ ടോയ്ലെറ്റുകൾ തുരുമ്പെടുത്തു
ശംഖുംമുഖം തീരത്തോട് ചേർന്ന് സംസ്ഥാന വനിത വികസന കോർപ്പറേഷൻ സ്ഥാപിച്ചിട്ടുള്ള ഷീ ടോയ്‌ലെറ്റുകൾ തുരുമ്പെടുത്ത് നശിക്കുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സഹായത്തോടെ പരിപാലിക്കുന്ന മൂന്ന് ടോയ്‌ലെറ്റുകളാണ് ഉപയോഗശൂന്യമാകുന്നത്. തുരുമ്പിച്ച സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇതിനുള്ളിലുണ്ട്. ഉപയോഗശൂന്യമായതോടെ മദ്യക്കുപ്പികളും മറ്റുമൊക്കെ ടോയ്‌ലെറ്റിനുള്ളിൽ വലിച്ചെറിഞ്ഞിരിക്കുകയാണ്.