
തിരുവനന്തപുരം: ഇന്ത്യയുടെ തനത് സംസ്‌കാരമായ സനാതന ധർമ്മത്തിന്റെ അടിസ്ഥാന ശിലകൾ പാകിയത് ചട്ടമ്പി സ്വാമികളെപ്പോലെയുളള മഹാത്മാക്കളാണെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. മാസ്‌കോട്ട് ഹോട്ടലിലെ സൊണാറ്റ ഹാളിൽ ചട്ടമ്പി സ്വാമി ജയന്തി പുരസ്‌കാര സമർപ്പണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്‌മരണ പ്രഭാഷണം നടത്തി. ഈ വർഷത്തെ ചട്ടമ്പി സ്വാമി പുരസ്‌കാരം ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക് ശ്രീധരൻപിള്ള നൽകി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി.
മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ,ചട്ടമ്പി സാംസ്‌കാരിക സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. ശ്രീവത്സൻ നമ്പൂതിരി, ശിവസേന രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കരമന ജയൻ, കെ.എച്ച്.എൻ.എ ടെക്സസ് കൺവെൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള, യു.ഡി.എഫ് ജില്ലാ കൺവീനർ പി.കെ. വേണുഗോപാൽ, ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി മെമ്പർ മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.