
പനാജി: ബി.ജെ.പി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ റിങ്കു ധക്ക ഗോവ പൊലീസിൽ പരാതി നൽകി. മരണത്തിന് മുമ്പ് കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ചപ്പോൾ സൊനാലി അസ്വസ്ഥയായിരുന്നുവെന്നും ഗോവയിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പേരെക്കുറിച്ച് അമ്മയോടും സഹോദരിയോടും പരാതിപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. സൊനാലിയുടെ ഹരിയാനയിലെ ഫാം ഹൗസിലുണ്ടായിരുന്ന സി.സി ടിവി കാമറകൾ, ലാപ്ടോപ്പ് തുടങ്ങിയവ മരണശേഷം നഷ്ടപ്പെട്ടു. മരിച്ച നിലയിലാണ് സൊനാലിയെ ഗോവയിലെ അഞ്ചുനാ നോർത്തിലെ സെന്റ് ആന്റണീസ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച എത്തിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യ സ്ഥിരീകരണം. ഗോവയിലെത്തിയ താൻ സൊനാലിയുടെ മരണത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് പേരെ സംശയിക്കുന്നതായി പരാതിപ്പെട്ടെങ്കിലും അവർക്കെതിരെ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതായും റിങ്കു ധക്ക പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ഡൽഹിയിലോ ജയ്പൂർ എയിംസിലോ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.