പാട്ന: ബീഹാറിൽ അഴിമതിക്കേസിൽ ഉൾപ്പെട്ട ആർ.ജെ.ഡി നേതാക്കളുടെ വസതിയിൽ സി.ബി.ഐ. റെയ്ഡ് നടത്തി. ജെ.ഡി.(യു)​ -ആർ.ജെ.ഡി മഹാസഖ്യ സർക്കാർ ബീഹാർ സഭയിൽ വിശ്വാസ വോട്ട് നേടുന്നതിനു മുമ്പായിരുന്നു റെയ്ഡ്. ഒന്നാം യു.പി.എ സർക്കാ‍രിൽ റെയിൽ മന്ത്രിയായിരുന്നപ്പോൾ ലാലു പ്രസാദ് അഴിമതി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭൂമി കോഴയായി വാങ്ങിയെന്നാണ് കേസ്. ബി.ജെ.പിയോട് ഇടഞ്ഞ് ആർ.ജെ.ഡിയോടൊപ്പം ചേർന്ന് നീതീഷ്‌കുമാ‍ർ രൂപീകരിച്ച സർക്കാർ വിശ്വാസ വോട്ട് തേടാനിരിക്കെ നടത്തിയ റെയ്ഡ് ബി.ജെ.പിയുടെ തന്ത്രമാണെന്ന് ആർ.ജെ.ഡി നേതാക്കൾ ആരോപിച്ചു. 

തേജസ്വി യാദവിന്റെ ഉടമസ്ഥതയിൽ ഗുരുഗ്രാമിൽ നിർമ്മാണത്തിലുള്ള കെട്ടിടമുൾപ്പെടെ ഡൽഹി,​ പാട്ന,​ മധുബനി,​ കട്ടിഹാർ എന്നിങ്ങനെ ഇരുപത്തിയഞ്ചോളം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയായ ആർ.ജെ.ഡി എം.എൽ.സി സുനിൽ സിംഗ്, എം.പി. അഷ്ഖാഫ് കരീം എന്നിവരുടെ വസതികളിലായിരുന്നു റെയ്ഡ്.