
ജമ്മു: കാശ്മീരുകാരുടെ മുപ്പത് വർഷത്തെ കാത്തിരിപ്പിനു ശേഷം സിനിമയുടെ നിറവസന്തം താഴ്വരയിൽ പൂത്തു തുടങ്ങും. ശ്രീനഗർ സിറ്റിയിൽ ആദ്യത്തെ മൾട്ടിപ്ലക്സ് തിയറ്റർ തുറക്കാൻ തീരുമാനമായി. സെപ്തംബറിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രദേശത്തെ തീവ്രവാദ സാദ്ധ്യതകളുടെ അടിസ്ഥാനത്തിലാണ് തൊണ്ണൂറുകളിൽ കാശ്മീരിൽ സിനിമാ ഹാളുകൾ പൂട്ടിയത്. അക്കാലത്ത് പതിനഞ്ചോളം തിയറ്ററുകളാണ് കശ്മീരിൽ ഉണ്ടായിരുന്നത്. ശ്രീനഗറിലെ ശിവപൊറയിലുള്ള മൾട്ടിപ്ലക്സിൽ മൂന്നു സ്ക്രീനുകളാണുള്ളത്. ഏകദേശം 520 പേർക്കുള്ള സീറ്റിംഗ് സൗകര്യവുമുണ്ട്.
തിയറ്ററുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നതോടെ തിയറ്റർ ഉടമകളെ തേടി നിരവധി കോളുകളാണ് എത്തുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടാണുള്ളതെന്നും തിയറ്റർ ഉടമകൾ വ്യക്തമാക്കി.