
പനാജി: ഗോവയിൽ നടന്ന പാർട്ടിക്കിടെ സഹപ്രവർത്തകർ സൊനാലി ഫോഗട്ടിന് നിർബന്ധിച്ച് ലഹരി മരുന്ന് നൽകിയതായി പൊലീസ് കണ്ടെത്തി. ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് സഹപ്രവർത്തകരും ഇക്കാര്യം സമ്മതിച്ചു. അവശനിലയിലായ സൊനാലിയെ ഇവർ തിരികെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിറ്റേന്ന് മരിച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. സി.സി ടിവി കാമറകളിൽ നിന്നാണ് തെളിവുകൾ ലഭ്യമായത്.
സൊനാലിയുടെ സഹപ്രവർത്തകരായ സുധീർ സംഗ്വാൻ, സുഖ്‌വിന്ദർ സിംഗ് എന്നിവർക്ക് മരണത്തിൽ പങ്കുണ്ടെന്ന് സൊനാലിയുടെ സഹോദരൻ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൊനാലിക്ക് ലഹരിമരുന്ന് കലർത്തിയ ഡ്രിങ്ക് സുധീർ നിർബന്ധിച്ച് നൽകുന്നതും മറ്റും സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മരണവുമായി ബന്ധപ്പെട്ട് മാനഭംഗക്കുറ്റവും കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും അക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സൊനാലിയുടെ സ്വത്തും പണവും തട്ടിയെടുക്കുന്നതിനും രാഷ്ട്രീയ ഭാവി നശിപ്പിക്കുന്നതിനുമാണ് പ്രതികൾ കൃത്യം ആസൂത്രണം ചെയ്തതെന്ന് സഹോദരൻ റിങ്കു ധക്ക ആരോപിച്ചു.
മരണത്തിൽ ദുരൂഹത ബാക്കി നിൽക്കെ സൊനാലിയുടെ മൃതദേഹം ഹരിയാനയിലെ ഹിസാറിലെ ഋഷിനഗർ ശ്മശാനത്തിൽ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ബി.ജെ.പിയുടെ പതാക പുതപ്പിച്ചായിരുന്നു അവസാന യാത്ര. ഫാം ഹൗസിലെ പൊതുദർശനത്തിന് ശേഷം മകൾ യശോധര ചിതയ്ക്ക് തീ കൊളുത്തി.