supplyco

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോ ഓണം സ്പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം അനുഭവിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിറുത്താൻ സംസ്ഥാന സർക്കാർ പൊതുവിപണിയിൽ കാര്യക്ഷമമായി ഇടപെട്ടു. കഴിഞ്ഞ ആറുവർഷം ഇതിനായി 9,702 കോടിയിലധികം രൂപ ചെലവഴിച്ചു. ആദ്യ വില്പനയും ഓണം സമ്മാന പദ്ധതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

900 രൂപയുടെ സപ്ലൈകോ സമൃദ്ധി ഓണക്കിറ്റിന്റെ ആദ്യ വില്പന മന്ത്രി ജി.ആർ.അനിലും ഓണം സ്റ്റാളുകൾ മന്ത്രി ആന്റണി രാജുവും ഉദ്ഘാടനം ചെയ്തു. 1000 രൂപ വില വരുന്ന സാധനങ്ങളാണ് 900 രൂപയ്ക്ക് സമൃദ്ധി കിറ്റിലൂടെ നൽകുന്നത്. 140 നിയോജക മണ്ഡലങ്ങളിലും 5 മുതൽ 10 ദിവസം വരെ ഓണം ഫെയർ ഉണ്ടാകുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി അനിൽ പറഞ്ഞു.

ഓണം ഫെയർ
വില വിവരം

ചക്കി ഫ്രഷ് ആട്ട (ഒരു കിലോ)- 51 രൂപ, തേയില ലൂസ്- 208, ശബരി സുപ്രീം (500 ഗ്രാം)- 115,
ഹോട്ടൽ ബ്ലെൻഡ് (ഒരു കിലോ)- 261, ശബരി ഗോൾഡ് തേയില (500ഗ്രാം)- 156, വെളിച്ചെണ്ണ (ഒരു ലിറ്റർ)- 162, ചിക്കൻ മസാല (100 ഗ്രാം)- 41, മീറ്റ് മസാല (100 ഗ്രാം)- 39, ഫിഷ് മസാല (100ഗ്രാം)- 39, ഗരം മസാല (500 ഗ്രാം)- 40, മുളകുപൊടി (500ഗ്രാം)- 167, മല്ലിപ്പൊടി (100ഗ്രാം)- 23, മഞ്ഞൾപ്പൊടി (100ഗ്രാം)- 20, സാമ്പാർ പൊടി (100 ഗ്രാം)- 36, കായംപൊടി (100ഗ്രാം)- 86, കായംകട്ട (100 ഗ്രാം)- 85, പൊടിയുപ്പ് (ഒരു കിലോ)- 10.50.

സബ്സിഡി ഇനങ്ങൾ (കിലോയിൽ)

ചെറുപയർ- 76 രൂപ, ഉഴുന്ന്-68, കടല-45, വൻപയർ- 47, തുവരപ്പരിപ്പ്- 67, പഞ്ചസാര- 24,
ജയ അരി-25, പച്ചരി- 23, മട്ടഅരി- 24, വടപ്പരിപ്പ്- 76, വെളിച്ചെണ്ണ (ഒരു ലിറ്റർ)- 128, മുളക് (അരക്കിലോ) 39.50, മല്ലി (അരക്കിലോ) 41.50.

ഓണക്കിറ്റ്:
25 ലക്ഷം പേർ വാങ്ങി

റേഷൻ കടകളിലൂടെയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് ഇതുവരെ 25 ലക്ഷം ഉപഭോക്താക്കൾ കൈപ്പറ്റി. ഇന്നലേയും സെർവർ മന്ദഗതിയിലായതു കാരണം ഇ-പോസ് മെഷീനുകൾ പല റേഷൻ കടകളിലും കുറച്ചുനേരം പണിമുടക്കിയെങ്കിലും പെട്ടെന്ന് പരിഹരിച്ചു.