
ജമ്മു: കാശ്മീർ കാണാനെത്തി മലനിരകളിൽ കുടുങ്ങിയ ഹംഗേറിയൻ സഞ്ചാരിക്ക് തുണയായത് ഇന്ത്യൻ കരസേനയും വ്യോമസേനയും. ബുദ്‌പെസ്റ്രിൽ നിന്നുള്ള മുപ്പത്തെട്ടുകാരനായ അകോസ് വെർമ്സിനെയാണ് സംചം താഴ്വരയിലെ ഉമാസി ലാ പാസിൽ കാണാതായത്. കരസേനയുടെയും വ്യോമസേനയുടെയും സംയുക്ത തെരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്.
ഉദ്ദംപൂരിൽ നിന്നുള്ള ഐ.എ.എഫ് ഉദ്യോഗസ്ഥരും രാഷ്ട്രീയ റൈഫിൾസ് ടീമുമാണ് ഹിമാലയത്തിലെ ഉയർന്ന പ്രദേശത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. 30 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വെർമ്സിനെ കണ്ടെത്തി കിഷ്‌വറിൽ എത്തിച്ച് വൈദ്യസഹായം നൽകി. തന്നെ രക്ഷിച്ച കരസേനയോടും വ്യോമസേനയോടും വെർമ്സ് നന്ദി പറഞ്ഞു. കിഷ്‌വർ ഡപ്യൂട്ടി കമ്മിഷണർ വീഡിയോ കോളിലൂടെ ഹംഗറി എംബസിയുമായി ബന്ധപ്പെട്ട് വെർമ്സിന്റെ ആരോഗ്യനില വിശദീകരിച്ചു.