bridge

അഹമ്മദാബാദ്: കാൽനട യാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കുമായി സബർമതി നദിയ്ക്ക് കുറുകെ നിർമ്മിച്ച 300 മീറ്റർ നീളമുള്ള അടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി​യുടെ സ്മരണാർത്ഥമാണ് പാലം നാടിന് സമർപ്പിച്ചതെന്ന് മോദി പറഞ്ഞു. 

പ്രധാന മന്ത്രിയോ‌ടൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ,​ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പാട്ടീൽ എന്നിവരും പങ്കെടുത്തു. സബർമ‌തിയുടെ ഇരു കരകളെയും ബന്ധിപ്പിക്കുന്നതിന് പുറമെ പാലത്തിന്റെ ഡിസൈൻ കാണുമ്പോൾ കൈറ്റ് ഫെസ്റ്റിവലാണ് മനസ്സിലേക്ക് ഓടിയെത്തുന്നതെന്ന് മോദി പറഞ്ഞു. അത്രയും ആകർഷകമായ രൂപകല്പനയാണ് പാലത്തിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2,​600 മെട്രിക് ടൺ സ്റ്റീൽ പൈപ്പുകളാണ് പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. കാൽനടയാത്രക്കാർക്കും സൈക്കിൾ സവാരിക്കാരുടെയും കാഴ്ച സുഗമമാക്കാൻ മുന്നൂറ് മീറ്ററോളം എൽ.ഇ.ഡി ലൈറ്രുകളും സ്ഥാപിച്ചിട്ടുണ്ട്. സബർമതി നദീതീരത്തിന്റെ പശ്ചിമഭാഗത്തുള്ള ഫ്ലവർഗാർഡനുമായും പാലം ബന്ധിപ്പിക്കുന്നുണ്ട്. ഇത് സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്ന് ഉറപ്പ്.