
#ആക്രമണം ശനിയാഴ്ച അർദ്ധരാത്രി #പിന്നിൽ ആർ.എസ്.എസെന്ന് ആനാവൂർ
തിരുവനന്തപുരം : തലസ്ഥാനത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ,സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പന്റെ നെയ്യാറ്റിൻകര മണവാരിയിലെ വീടിന് നേരേ ശനിയാഴ്ച അർദ്ധരാത്രി കല്ലേറ്. സംഭവത്തിൽ ആനാവൂരിന്റെ കിടപ്പ് മുറിയിലെ ജനൽ ചില്ലുകൾ തകരുകയും ,പോർച്ചിലുണ്ടായിരുന്ന ആൾട്ടോ കാറിന് കേടുപാട് സംഭവിക്കുകയും ചെയ്തു.പൊട്ടിയ ചില്ലുകൾ കട്ടിലിൽ ചിന്നിചിതറിയ നിലയായിരുന്നു. ആനാവൂർ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ശ്രീകാന്തിന്റെ മേൽനോട്ടത്തിൽ മാരാമുട്ടം പൊലീസ് അന്വേഷണം തുടങ്ങി.ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി .
ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് ആനാവൂർ നാഗപ്പൻ ആരോപിച്ചു.സാധാരണ, ശനിയാഴ്ചകളിൽ വീട്ടിലെത്താറുള്ള ആനാവൂർ സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്നതിനാൽ ഈയാഴ്ച എത്തിയില്ല. ആനാവൂരിന്റെ മകൻ എൻ.എസ്.ദീപു, ഭാര്യ അശ്വതി, മകൾ ആരണ്യ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ കാർ പോർച്ചിനോട് ചേർന്നാണ് ആനാവൂരിന്റെ മുറി .ഇത് വ്യക്തമായി അറിയാവുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അകത്തെ മുറിയിൽ മകനും കുടുംബവും രാത്രി 11.15ഓടെ ഉറങ്ങാൻ കിടന്നു. ദീപുവിന്റെ ഭാര്യ ഡ്രൈവിംഗ് പഠിക്കാൻ രാവിലെ 7ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ ആനാവൂരിനെയും, തുടർന്ന് പൊലീസിലും വിവരം അറിയിച്ചു.രാത്രി കല്ല് വീണ് ജനൽ ചില്ല് പൊട്ടുന്നതിന്റെയോ ,വാഹനങ്ങളുടെയോ ശബ്ദം വീട്ടിലുണ്ടായിരുന്ന ആരും കേട്ടില്ല.
കാർ പോർച്ചിൽ നിന്നാണ് അക്രമികൾ എറിയാനുപയോഗിച്ച കൂർത്ത കരിങ്കൽ കഷണം കണ്ടെത്തിയത്.
വീടിന്റെ പരിസരത്തോ, സമീപ പ്രദേശങ്ങളിലോ സി.സി.ടി.വിയില്ലാത്തതിനാൽ അന്വേഷണം പൊലീസിന് ദുഷ്കരമാണ്. സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ,മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയ നിരവധി പേർ വീട്ടിലെത്തി.ഇന്നലെ പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾ നടന്നതിനാൽ ആനാവൂർ വീട്ടിലെത്തിയില്ല.
'ജില്ലയിൽ സമാധാനാന്തരീക്ഷം തകർക്കാൻ ആസൂത്രണം ചെയ്ത നടപ്പാക്കിയ ആക്രമണമാണിത്.പാർട്ടി
പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുത്.'
-ആനാവൂർ നാഗപ്പൻ