sonali-phogat

പനാജി: ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമെടുത്തത്. 

കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സൊനാലിയുടെ സഹോദരിയായ രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച ഘട്ടറുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.

കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ഹരിയാന ഗവൺമെന്റ് ഗോവൻ ഗവൺമെന്റിന് കത്തെഴുതും. ഗോവയിൽ പാർട്ടി നടന്ന റസ്റ്റോറന്റിന്റെ ഉടമ എഡ്വിൻ ന്യൂൺസ്,​ പ്രതികൾക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ഡീലറായ ദത്താപ്രസാദ് ഗവോൻകർ എന്നിവർ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇതിൽ ഗവോൻകർ സൊനാലിയും പ്രതികളും താമസിച്ചിരുന്ന അഞ്ചുനയിലെ ഹോട്ടൽ ഗ്രാന്റ് ലിയോണെയ്ലെ റൂം ബോയ് ആയിരുന്നു. ഇവർക്ക് പുറമേ ലഹരിമരുന്ന് വിൽപ്പനക്കാരൻ രാമ മഡ്രേക്കറും പൊലീസ് പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.