
ന്യൂഡൽഹി : കോൺഗ്രസിൽ ചേരുന്നതിനേക്കാൾ ഭേദം കിണറ്റിൽ ചാടുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ശനിയാഴ്ച നാഗ്പൂരിൽ വ്യവസായികളുടെ സമ്മേളനത്തിനിടെ, ഒരിക്കൽ കോൺഗ്രസ് നേതാവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി നേതാവായിരുന്ന സമയത്ത് താനൊരു നല്ല നേതാവായിരുന്നെന്നും പ്രവർത്തിക്കാൻ തിരഞ്ഞെടുത്ത പാർട്ടി തെറ്റിപ്പോയെന്നും പറഞ്ഞ കൂട്ടുകാരൻ കോൺഗ്രസിൽ ചേരണമെന്നാണ് ഉപദേശിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങളോട് യോജിക്കാനാകില്ലെന്നും അതിനെക്കാൾ ഭേദം കിണറ്റിൽ ചാടുന്നതാണെന്നുമായിരുന്നു തന്റെ മറുപടി.
ജീവിതത്തിൽ തോൽവിയുണ്ടായാലും പോരാടണം. പൊരുതി തോൽക്കുമ്പോഴല്ല പിന്തിരിയുമ്പോഴാണ് യഥാർത്ഥ തോൽവി സംഭവിക്കുന്നത്. ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും മുറുകെ പിടിക്കണം. രാഷ്ട്രീയമായാലും ജീവിതമായാലും ബിസിനസ് ആയാലും മനുഷ്യ ബന്ധങ്ങളാണ് ഒരാളുടെ ഏറ്റവും വലിയ ശക്തി. ജീവിതത്തിൽ നല്ല സമയത്തും മോശം സമയത്തും കൂടെ നിൽക്കുന്നവരെ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.