
ന്യൂഡൽഹി: സിനിമകൾക്ക് പുറമെ ബോളിവുഡ് താരങ്ങൾ പരസ്യത്തിലുടെ ധാരാളം പണം സമ്പാദിക്കാറുണ്ട്.ഒരു യൂത്ത് ഐക്കൺ എന്ന നിലയിൽ കാർത്തിക് തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാനാണ്, പാൻമസാല പരസ്യത്തിന് ഒമ്പത് കോടിയുടെ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചിരിക്കുകയാണ് കാർത്തിക് ആര്യൻ. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ താത്‌പര്യമില്ലെന്ന കാരണത്താലാണ് കാർത്തിക് ആര്യൻ പരസ്യം നിരസിച്ചത് എന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതേക്കുറിച്ച് കാർത്തിക് ആര്യൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
'ഇത്രയും വലിയ തുക വേണ്ടെന്ന് പറയുന്നത് എളുപ്പമല്ല. എന്നാൽ ഒരു യൂത്ത് ഐക്കൺ എന്ന നിലയിൽ കാർത്തിക് തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാനാണ്.' എന്ന് പ്രമുഖ മാദ്ധ്യമങ്ങൾ പറയുന്നു.
പാൻമസാലയുടെ പേരിൽ പലപ്പോഴും ബോളിവുഡ് താരങ്ങൾ പ്രതിസന്ധിയിലായിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒരു പാൻ മസാല കമ്പനിയെ പ്രോത്സാഹിപ്പിച്ചതിന് വിവാദങ്ങൾ നേരിട്ട അക്ഷയ് കുമാറും വാർത്തകളിൽ ഇടം നേടിയിരുന്നു. പണത്തിന് വേണ്ടി, രാജ്യത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കാത്തതിന് കാർത്തികിന് സോഷ്യൽ മീഡിയകളിൽ വൻ അംഗീകാരമാണ് ലഭിക്കുന്നത്.
2011 ൽ പുറത്തിറങ്ങിയ 'പ്യാർ കാ പഞ്ച്നാമ' ആണ് കാർത്തിക് ആര്യന്റെ ആദ്യ സിനിമ. കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 2022ൽ പുറത്തിറങ്ങിയ ' ഭൂൽ ഭുലയ്യ 2'.