
ഹിന്ദുക്കളുടെ ആരാധന മൂർത്തിയായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥി. ഈ വർഷം ആഗസ്റ്റ് 31 നാണ് വിനായക ചതുർത്ഥി ദിനം. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ഉത്സവം. ദേവ - മനുഷ്യ - മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥൻ എന്നാണ് ഗണപതി എന്ന വാക്കിന്റെ അർത്ഥം. ചതുർത്ഥി നാളിൽ ചന്ദ്രദർശനം നടത്തിയാൽ ഒരു കൊല്ലത്തിനുള്ളിൽ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങൾ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്.
ഗണപതി പൂജയ്ക്ക് ഏറ്റവും ഉത്തമ ദിവസമാണിത്. ഇന്ത്യയിൽ എല്ലായിടത്തും വിനായക ചതുർത്ഥി ആഘോഷിക്കാറുണ്ട്. കേരളത്തിൽ ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും ഒരുക്കാറുണ്ട്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ പഴവങ്ങാടി ക്ഷേത്രം, കൊട്ടാരക്കര, മള്ളിയൂർ, ഇടപ്പള്ളി, ഇന്ത്യനൂർ, ബത്തേരി, വേളം, മധൂർ തുടങ്ങിയ കേരളത്തിലെ പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. കളിമണ്ണിൽ ഗണപതി വിഗ്രഹങ്ങൾ ഉണ്ടാക്കി അത് വിനായക ചതുർത്ഥി ദിനത്തിൽ കടലിൽ നിക്ഷേപിക്കും.
എന്തുകൊണ്ട് ചന്ദ്രനെ നോക്കരുത്
പലയിടത്തും പല രീതിയിൽ ആണ് ഇതിനെ വിശദീകരിക്കുന്നത് അതിലൊന്ന് ഇതാണ്.
ഒരിക്കൽ ചതുർത്ഥി ദിനത്തിൽ ഗണപതി നൃത്തം ചെയ്തപ്പോൾ ചന്ദ്രൻ അത് കണ്ട് പരിഹസിച്ചു. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനെ ശപിച്ചു. വിനായക ചതുർത്ഥി ദിനത്തിൽ ആര് ചന്ദ്രനെ നോക്കിയാലും അവർ സങ്കടത്തിന് പാത്രമാകുമെന്നായിരുന്നു ശാപം. തന്റെ തെറ്റ് മനസ്സിലാക്കി ശാപമോക്ഷത്തിനായി ചന്ദ്രൻ അപേക്ഷിച്ചു. ചന്ദ്രൻ പശ്ചാത്തപിക്കുന്നത് കണ്ട് ഗണപതി അദ്ദേഹത്തോട് ക്ഷമിച്ചു. എന്നാൽ ഒരിക്കലും പറഞ്ഞ ശാപം വീണ്ടെടുക്കാനാവില്ലെന്ന് ഗണപതി അറിയിച്ചു. പകരം അതിന്റെ ആഘാതം കുറയ്ക്കാം എന്നും വ്യക്തമാക്കി. അതിനാലാണ് വിനായക ചതുർത്ഥി ദിനത്തിൽ ചന്ദ്രനെ നോക്കരുത് എന്നു പറയുന്നത്.