തിരുവനന്തപുരം: തലസ്ഥാനത്തെ പഴക്കം ചെന്ന ശ്രീചിത്തിര തിരുനാൾ പാർക്കിന് ഇനി പുത്തൻമുഖം. പാർക്കിലെത്തുന്നവർക്ക് ഒരുമിച്ചിരുന്നു പ്രദർശനങ്ങൾ കാണാൻ വലിയ എൽ.ഇ.ഡി സ്ക്രീനോടുകൂടിയ 'ആംഫി തിയേറ്റർ' ഒരുക്കിയിട്ടുണ്ട്. ചിൽഡ്രൻസ് പാർക്ക്‌, കൽമണ്ഡപം, തണലേകാൻ മരങ്ങൾ, വർണാഭമായ ലൈറ്റുകൾ എന്നിവയും പാർക്കിന്റെ ആകർഷണങ്ങളാണ്.
നഗരസഭയും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും ചേർന്ന് രണ്ടുകോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച ശ്രീ ചിത്തിര തിരുന്നാൾ പാർക്ക്‌ ഇന്നലെ മന്ത്രി വി.എൻ.വാസവൻ തലസ്ഥാനത്തിന് സമർപ്പിച്ചു. കാലോചിതമായി ആധുനികവത്കരിച്ചാണ് പാ‌ർക്ക് നവീകരിച്ചതെന്നും നഗരവാസികൾക്കുള്ള ഓണസമ്മാനമാണിതെന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമയും 'ഐ ലവ് തിരുവനന്തപുരം' എന്ന ബോർഡിനുമുന്നിലെ സെൽഫി പോയിന്റുമാണ് പാർക്കിന്റെ മറ്റൊരു ആകർഷണം. പത്തോളം കടമുറികളും ഒരു കഫെറ്റീരിയയും പാർക്കിനുള്ളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഒപ്ടിക്കൽ സെൻസറുകൾ ഉപയോഗിച്ച് പാർക്കിന്റെ പരിസരത്ത് വരുന്ന കൊതുകുകളെ തിരിച്ചറിയാനും വേർതിരിക്കാനുമുള്ള സ്മാർട്ട്‌ മൊസ്കിറ്റോ ‌ഡെൻസിറ്റി സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്. ടോയ്‌ലെറ്റുകളുടെ പ്രവർത്തനങ്ങളും നടക്കുകയാണ്. മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയ‌ർ പി.കെ.രാജു, സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സി.ഇ.ഒ അരുൺ കെ.വിജയൻ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

ഭക്ഷണത്തെരുവ്

ഡൽഹിയിലൊക്കെ കണ്ടുവരുന്ന ഭക്ഷണത്തെരുവ് പാർക്കിന് പുറത്തായി ഒരുങ്ങുകയാണ്. ഇതിനായി പന്ത്രണ്ടോളം കടകളുടെ പണികൾ അവസാനഘട്ടത്തിലാണ്. നേരത്തെ ഇതേ സ്ഥലത്ത് കടകൾ നടത്തിയിരുന്നവർക്ക് ട്രെയിനിംഗ് നൽകി ഭക്ഷണ തെരുവിലെ സ്റ്റാളുകൾ ഏല്പിക്കും. കടകളുടെ മുന്നിലായി ഇരുന്ന് കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഭക്ഷണ ത്തെരുവ് തുറന്ന് പ്രവർത്തിക്കുമെന്ന് സ്മാർട്ട് സിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ വിഷ്ണു ഗോപാൽ കേരളകൗമുദിയോട് പറഞ്ഞു.