house

ലക്‌നൗ: സ്ത്രീധന തർക്കത്തെ തുടർന്ന് ഭർത്തൃവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതിയെ വീട്ടിൽ കയറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ യു.പി പൊലീസ് എത്തിയത് ബുൾഡോസറുമായി. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം. അലഹബാദ് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പൊലീസെത്തിയത്. 

2017 ലാണ് നൂതൻ എന്ന യുവതിയുടെ വിവാഹം റോബിനുമായി നടന്നത്. വിവാഹശേഷം സ്ത്രീധന തുകയുടെ പേരിൽ നൂതൻ പലതരത്തിലുള്ള പീഡനം നേരിട്ടു. ചോദിച്ച സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ‌ഭർത്തൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്നിറക്കി വിട്ടു. 2019 മുതൽ യുവതി സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഭ‌ർത്താവിന്റെ വീട്ടിൽ കയറ്റുന്നതിനായി യുവതിയും കുടുംബവും കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും ഭ‌ർത്താവും വീട്ടുകാരും വീട്ടിൽ കയറ്റിയില്ല. തുടർന്നാണ് ഇവർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവുമായെത്തിയ യുവതിയെ വീട്ടിൽ കയറ്റാൻ ഭർ‌ത്തൃവീട്ടുകാർ കൂട്ടാക്കിയില്ല. പൊലീസെത്തിയെങ്കിലും വാതിൽ തുറന്ന് നൽകിയില്ല. തുടർന്ന് വാതിൽ പൊളിച്ചുമാറ്രാൻ ബുൾഡോസറുമായി പൊലീസെത്തി. കോടതി ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ലൗഡ്സ്പീക്കറിലൂടെ പൊലീസ് അറിയിച്ചതോടെ വീട്ടുകാർ വാതിൽ തുറന്ന് യുവതിയെ അകത്ത് പ്രവേശിപ്പിച്ചു.