
ബംഗളൂരു: കർണ്ണാടകയിലെ ഹോസ്‌പെട്ടിൽ അഞ്ചംഗ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കർണ്ണാടക ടൂറിസം- പരിസ്ഥിതി മന്ത്രിയായ ആനന്ദ് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഭൂമി സംബന്ധമായ വിവാദത്തെ തുടർന്ന് മന്ത്രി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇതിൽ മനം നൊന്ത് അവർ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതുമാണ് കേസിന് ആസ്പദമായ സംഭവം. പട്ടികജാതി പട്ടിക വകുപ്പ് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ പ്രകാരം 504, 506 വകുപ്പ് അനുസരിച്ചാണ് കേസ്.
പട്ടിക ജാതിക്കാരനായ ഡി. പോലപ്പയാണ് മന്ത്രിയ്ക്കെതിരെ പരാതി നൽകിയത്. ഭൂമി സംബന്ധമായ ഒരു കേസിൽ പോലപ്പയും വേറെ ചില വ്യക്തികളുമായി തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച ഗ്രാമത്തിലെത്തിയ മന്ത്രിയോട് തർക്കം പരിഹരിക്കാൻ പോലപ്പയുടെ എതിർവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതാണ് സംഭവത്തിലേക്ക് നയിച്ചത്.
പോലപ്പയെയും കുടുംബത്തെയും കത്തിച്ചു കളയുമെന്ന് മന്ത്രി പറഞ്ഞതായി പരാതിയിൽ പറയുന്നുണ്ട്.
ഹൊസ്പെറ്റ് റൂറൽ പൊലീസ് സ്റ്റേഷനിലെത്തി പോലപ്പയും കുടുംബാംഗങ്ങളായ അഞ്ച് പേരും പരാതി നൽകുകയും തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറ്റത്തിന് പോലപ്പയുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.