kcr

ന്യൂഡൽഹി: ബി.ജെ. പിയ്ക്കെതിരെ കൈകോർത്ത് ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും (കെ.സി.ആർ)​.  പാട്നയിലെത്തിയ കെ.സി.ആർ നിതീഷ്കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സന്ദർശിച്ചു. അതേസമയം, ഭരിക്കുന്ന സംസ്ഥാനത്ത് പോലും പ്രാമുഖ്യം നഷ്ടപ്പെട്ട, പ്രധാനമന്ത്രി പദത്തിലെത്താനാഗ്രഹിക്കുന്ന രണ്ട് ദിവാസ്വപ്നക്കാരുടെ കൂടിച്ചേരലാണിതെന്നാണ് ബി.ജെ.പി നേതാവായ സുശീൽകുമാർ പരിഹസിച്ചു.  

രണ്ടു ദിവസം മുമ്പ് ഒരു പൊതുപരിപാടിയിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുക്ത ഭാരതം സൃഷ്ടിക്കണമെന്ന മുദ്രാവാക്യം കെ.സി.ആർ ഉയർത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു കൂടിക്കാഴ്ച. ബി.ജെ.പിയ്ക്കെതിരായി അണിനിരക്കാൻ ശരദ് പവാ‌ർ,​ ഉദ്ധവ് താക്കറെ,​ അരവിന്ദ് കേജ്‌രിവാൾ,​ മമത ബാനർജി,​ അഖിലേഷ് യാദവ് എന്നിവരുമായും ആശയവിനിമയം നടത്തിയിരുന്നു.

ബീഹാർ സന്ദ‍ർശനത്തിനിടെ ഗൽവാൻ താഴ്വരയിൽ മരിച്ച പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ധന സഹായവും കെ.സി. ആർ നൽകും.  തെലങ്കാനയിൽ അപകടത്തിൽ മരിച്ച ബീഹാർ സ്വദേശികളായ തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും അദ്ദേഹം വിതരണം ചെയ്യും. നീതീഷ്കുമാറും കെ.സി.ആറിനൊപ്പം പങ്കെടുക്കും.