
തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്കായി തൊടുപുഴ നഗരത്തിൽ വിവിധയിടങ്ങളിലായി റോഡ് കുഴിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് റീടാർ ചെയ്യാത്തത് വാഹന യാത്രക്കാർക്കും സമീപവാസികൾക്കും തലവേദനയാകുന്നു. നഗരസഭ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിട്ടി ടാങ്കിൽ നിന്ന് വെള്ളം എത്തിക്കുന്നതിനായി കുമാരമംഗലത്തേക്ക് റോഡുകൾ കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത് ഇനിയും മൂടാത്തതാണ് പ്രശ്നം. നഗരസഭയുടെ 3, 4, 5, 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന വഴികളാണ് കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത്. സമീപകാലത്ത് ടാർ ചെയ്ത റോഡുകളടക്കം ഇത്തരത്തിൽ കുഴിച്ചിട്ടുണ്ട്. ഇതു മൂലം വഴിയാത്രക്കാർക്ക് നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. തൊടുപുഴ നഗരത്തിൽ നിന്ന് വെങ്ങല്ലൂർ- മങ്ങാട്ടുക്കവല നാലുവരിപ്പാത വഴി മെയിൻ റോഡിലൂടെയാണ് പൈപ്പുകൾ മൈലക്കൊമ്പിൽ എത്തിക്കാൻ ആദ്യം പദ്ധതിയിട്ടത്. എന്നാൽ പൊതുമരാമത്ത് വകുപ്പും കെ.എസ്.ഇ.ബിയും വലിയ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് മുൻസിപ്പൽ അധികൃതരുമായി വാട്ടർ അതോറിട്ടിക്കാർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിവിധ വാർഡുകളിലെ റോഡുകൾ കുഴിച്ച് പൈപ്പ് സ്ഥാപിക്കാൻ തീരുമാനമായത്. റോഡുകൾ കുഴിക്കുന്നത് മൂലം നഗരസഭയ്ക്കുണ്ടാകുന്ന നഷ്ടം വാട്ടർ അതോറിട്ടി പരിഹരിച്ചുകൊള്ളാമെന്ന ഉറപ്പിന്മേലാണ് പല കൗൺസിലർമാരും എതിർത്തിട്ടും റോഡ് കുഴിക്കാൻ നഗരസഭ അധികൃതർ അനുമതി നൽകിയത്. തുടർന്നാണ് വെങ്ങല്ലൂർ ആരവല്ലിക്കാവ് മുതൽ നാലുവരിപ്പാതയ്ക്ക് മുകളിൽ വരെയുള്ള മുൻസിപ്പൽ റോഡുകൾ നെടുനീളെ കുഴിച്ച് പൈപ്പ് സ്ഥാപിച്ചത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും റോഡിലെ കുഴിയടച്ച് ടാർ ചെയ്യാൻ യാതൊരു നടപടികളും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. റോഡിന്റെ സൈഡ് ഇടിഞ്ഞും കുണ്ടും കുഴിയും കാരണം ഇരുചക്രവാഹനയാത്രികരടക്കം അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡ് എത്രയും വേഗം നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
പണമടച്ചെന്ന് വാട്ടർ അതോറിട്ടി
കുഴിച്ച റോഡുകൾ റീ ടാർ ചെയ്യുന്നതിന് ആവശ്യമായ തുക അടച്ചെന്നാണ് വാട്ടർ അതോറിട്ടി അവകാശപ്പെടുന്നത്. എന്നാൽ നഗരസഭാ അധികൃതർ ഈ പണം മറ്റു കാര്യങ്ങൾക്ക് വിനിയോഗിച്ചതാണ് റോഡ് റീ ടാറിങ് താമസിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.