ഇടുക്കി: ജില്ലയിൽ തുടർച്ചയായി ഭൂചലനങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് ഇടുക്കി അണക്കെട്ടിൽ ഓട്ടോമാറ്റിക് സീസ്മോഗ്രാഫ് സ്ഥാപിക്കും. തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങളുടെ തീവ്രതയോ പ്രഭവ കേന്ദ്രമോ പോലും നിലവിൽ ഉപയോഗിക്കുന്ന അനലോഗ് സംവിധാനം ഉപയോഗിച്ചു കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി സ്വന്തമായി ഓട്ടോമാറ്റിക് സീസ്മോഗ്രാഫ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനായുള്ള ടെൻഡർ വിളിച്ചുകഴിഞ്ഞതായും വൈകാതെ പദ്ധതി നടപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 1.48നും തുടർന്ന് 48 സെക്കൻഡിന് ശേഷവും ജില്ലയിൽ രണ്ട് തവണ ചെറുഭൂചലനമുണ്ടായെങ്കിലും ഇതിന്റെ കൃത്യമായ തീവ്രതയോ പ്രഭവകേന്ദ്രമോ കണ്ടെത്താൻ വൈദ്യുതി വകുപ്പിന് കഴിഞ്ഞില്ല. വൈദ്യുതി വകുപ്പിന്റെ സംവിധാനത്തിൽ യഥാക്രമം 2.93, 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ സംസ്ഥാന ദുരന്തനിവാരണസമിതി ചോറ്റുപാറയിൽ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് സീസ്മോഗ്രാഫിൽ 2.4 മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ട് ദിവസമായിട്ടും പ്രഭവകേന്ദ്രം കൃത്യമായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പ് തന്നെ സ്വന്തമായി ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിക്കുന്നത്. സോഫ്‌റ്റ്‌വെയർ അധിഷ്ടിത സംവിധാനം സ്ഥാപിച്ചാൽ ഭൂചലനത്തിന്റെ തീവ്രതയും പ്രഭവകേന്ദ്രവും കൃത്യമായി കണ്ടെത്താനാവും. ഇതിനൊപ്പം തന്നെ അതിവേഗത്തിൽ ഇത്തരം വിവരങ്ങൾ ലഭിക്കുകയും പുറംലോകത്തിന് കൈമാറാനുമാകും. തുടർച്ചയായ ചെറുചലനങ്ങൾ ഉണ്ടാകുന്ന മേഖലയാണ് ഇടുക്കി അണക്കെട്ട് ഉൾപ്പെടുന്ന സ്ഥലങ്ങൾ. ഒരു ഡസനിലധികം അണക്കെട്ടുകളാണ് പെരിയാർ നദിയിൽ മാത്രം സ്ഥിതി ചെയ്യുന്നത്. തുടർച്ചയായ ചലനങ്ങൾ ഉണ്ടായാൽ ഇതിന്റെ വിവരം പുറംലോകത്തെത്താൻ വൈകിയാൽ അത് വലിയ വിപത്തിന് കാരണമായേക്കും. ഇതടക്കം മുന്നിൽകണ്ടാണ് ഏറെ വൈകിയാണെങ്കിലും ഇത്തരമൊരു തീരുമാനം കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്.