തൊടുപുഴ: ശക്തമായ മഴ തുടരുന്നതിനാലും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം നാല് വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും ജില്ലയിൽ മലയോരമേഖലയിൽ രാത്രികാല യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. എല്ലാവിധ ഓഫ് റോഡ് ട്രക്കിംഗ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മത്സ്യബന്ധനങ്ങൾ, എല്ലാവിധ ബോട്ടിംഗ് എന്നിവ താത്കാലികമായി നിരോധിച്ചു. ജലാശയങ്ങളിലും അപകടകരമായ മേഖലകളിലും ഫോട്ടോയും വീഡിയോയും എടുക്കുന്നത് ഒഴിവാക്കണം. ഇന്ന് ജില്ലയിലെ പ്രൊഫഷൺ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് അലർട്ടുകൾ പിൻവലിക്കുന്നത് വരെ അടിയന്തര സാഹചര്യങ്ങളില്ലാതെ ലീവ് അനുവദിക്കരുതെന്നും നിർദേശമുണ്ട്. ഇന്നലെ ജില്ലയിലെമ്പാടും കനത്ത മഴയാണ് ലഭിച്ചത്- 40.88 മില്ലി മീറ്രർ. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 89 മീറ്റർ.
പലയിടത്തും മണ്ണിടിച്ചിൽ
മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് ഹൈറേഞ്ചിൽ പല മേഖലകളിലും ഗതാഗതം മുടങ്ങി. പീരുമേട് താലൂക്കിൽ ദേശീയപാതയിൽ നാലിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. വണ്ണപ്പുറം- കോട്ടപ്പാറ റോഡിലേക്ക് കൂറ്റൻ കല്ല് വീണ് ഗതാഗതം തടസപ്പെട്ടു. തലക്കോട്- മുള്ളരിങ്ങാട് റോഡിൽ അമേൽതൊട്ടി ഭാഗത്ത് റോഡിന്റെ അരികിടിഞ്ഞു. കുട്ടിക്കാനം പൊലീസ് ക്യാമ്പിന് സമീപം ദേശീയപാതയിൽ ഒരു വശത്ത് സംരക്ഷണഭിത്തിയുടെ കെട്ടിടിഞ്ഞു. പന്നിമറ്റം- കുളമാവ് റോഡിൽ കോഴിപ്പള്ളി ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. പെരുവന്താനം നാല്പതാം വളവിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മൂലമറ്റം താഴ്‌വാരം കോളനിയിൽ വെള്ളം കയറി.
ക്യാമ്പ് തുറന്നു
കൊക്കയാർ, വടക്കേമല മേഖലയിൽ മഴ ശക്തമായതോടെ നാല് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. കൊക്കയാർ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മുക്കുളം, പൂവഞ്ചി, കുറ്റിപ്ലങ്ങാട് എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ ഭീഷണയുള്ള പ്രദേശങ്ങളിൽ ദുരാതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.
മലങ്കര തുറന്നു, കുണ്ടള ഇന്ന് തുറക്കും
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മലങ്കര അണക്കെട്ടിന്റെ ആകെയുള്ള ആറ് ഷട്ടറുകളും തുറന്നു. കുണ്ടള ഡാം ഇന്ന് രാവിലെ 10ന് തുറക്കും. പൊന്മുടി, കല്ലാർകുട്ടി, പാബ്ല അണക്കെട്ടുകൾ നിലവിൽ തുറന്നിരിക്കുകയാണ്. മഴ തുടർന്നാൽ കൂടുതൽ ഡാമുകൾ തുറന്നേക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2372.32 അടിയെത്തി. ആകെ സംഭരണ ശേഷിയുടെ 66.26 ശതമാനമാണിത്. 2375.53 അടിയാണ് ബ്ലൂ അലർട്ട് ലെവൽ. മുല്ലപ്പെരിയാറിൽ 134.35 അടിയാണ് ജലനിരപ്പ്. ഇപ്പോഴത്തെ റൂൾലെവൽ അനുസരിച്ച് 137.5 അടിയെത്തുമ്പോൾ അണക്കെട്ട് തുറക്കണം.
മഴയുടെ അളവ് (മില്ലി മീറ്രറിൽ)
പീരുമേട്- 16
തൊടുപുഴ- 21.8
ഇടുക്കി- 89
ദേവികുളം- 42
ഉടുമ്പഞ്ചോല- 35.6
ശരാശരി- 40.88
കൺട്രോൾ റൂം തുറന്നു
ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലും എല്ലാ താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
 ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം (ഡിഇഒസി)
9383463036
7034447100
04862 233111
04862 233130
താലൂക്ക്
ഉടുമ്പഞ്ചോല- 04868 232050
ദേവികുളം- 04865 264231
പീരുമേട്- 04869 232077
തൊടുപുഴ- 04862 222503
ഇടുക്കി- 04862 235361