കട്ടപ്പന : നഗരസഭാ പരിധിയിൽ ഉൾപ്പെട്ട കരിമ്പാനിപ്പടിയിൽ തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറാനിടയായത് ഏലത്തോട്ടത്തിനുള്ളിൽ ചരിഞ്ഞ പ്രദേശത്ത് നിർമ്മിച്ച മൺകുളം തകർന്നതിനെ ത്തുടർന്നെന്ന് കണ്ടെത്തി.ഞായറാഴ്ച്ച രാത്രി 8.30 ഓടെയാണ് വള്ളക്കടവ് കരിമ്പാനിപ്പടിയിൽ കൈത്തോട്ടിന് സമീപമുള്ള ഏട്ട് വീടുകളിൽ അപ്രതീക്ഷിതമായി വെള്ളം കയറിയത്.ഉടനെ തന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കനത്ത മഴയിൽ ആനവിലാസം ശാസ്താനടയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശിയുടെ ഏലത്തോട്ടത്തിൽ രാത്രി 7 മണിക്ക് ഉരുൾ പൊട്ടിയതാണ് മലവെള്ള പാച്ചിലിന് കാരണം എന്നായിരുന്നു ആദ്യമെത്തിയ വിവരം.പ്രതികൂല കാലവസ്ഥയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായെന്ന പറയപ്പെട്ട സ്ഥലത്ത് എത്തിപ്പെടാനും അഗ്‌നി രക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.തുടർന്ന് തിങ്കളാഴ്ച്ച രാവിലെ പഞ്ചായത്തംഗങ്ങളും റവന്യു ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് തമിഴ്‌നാട് സ്വദേശിയുടെ ഏലത്തോട്ടത്തിൽ നിർമാണത്തിലിക്കുന്ന മൺ കുളം തകർന്നതാണ് മലവെള്ളപാച്ചിലിന് കാരണമെന്ന് വ്യക്തമായത്.മണ്ണിട്ട് ഉയർത്തിയ ഒരു ഭാഗം വെള്ളം ഉയർന്നപ്പോൾ തകരുകയായിരുന്നു. ചരിഞ്ഞ പ്രദേശമായതിനാൽ വെള്ളം താഴ്ഭാഗത്തുള്ള റോഡിലൂടെയും കൈത്തോടുകളിലൂടെയുമാണ് ചപ്പാത്തിലെത്തിയത്.സംഭവത്തിൽ അനുമതി വാങ്ങിയാണോ മൺകുളം നിർമ്മിച്ചത് എന്ന് ആനവിലാസം വില്ലേജ് ഓഫീസർ അന്വേഷിക്കും. ഇതിന് സമീപമായി മറ്റൊരു കുളവും നിർമ്മിക്കുന്നുണ്ട്.
ഇതിനായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഇന്നലെ പുലർച്ചെ തന്നെ ഇവിടെ നിന്ന് മാറ്റിയതായി വിവരമുണ്ട്.വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിതരാക്കാൻ കഴിഞ്ഞിരുന്നെങ്കിലും പലരുടെയും വീടിനുള്ളിൽ നിറയെ ചെളിയും മണ്ണും കയറിയ അവസ്ഥയിലാണ്.
കരിമ്പാനിപ്പടിയിൽ കുളം നിറഞ്ഞ് കവിഞ്ഞ് വളർത്തു മത്സ്യങ്ങൾ ഒഴുകിപ്പോയി ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.
കപ്പലുമാക്കൽ വിൽസൺ ഫിഷറീസ് വകുപ്പിന്റെ പദ്ധതി പ്രകാരം വാങ്ങിയ മത്സ്യങ്ങളാണ് ഒഴുകിപ്പോയത്. ഞായറാഴ്ച്ച രാത്രിയിൽ തന്നെയാണ് കാഞ്ചിയാർ പഞ്ചായത്തിലെ പടുകയ്ക്ക് സമീപം ചെകുത്താൻ മലയിൽ ഏല തോട്ടത്തിലെ പടുതാകുളം തകർന്നതായി സംശയിക്കുന്നത്.ഏക്കർ കണക്കിന് കൃഷി നശിച്ചതായിട്ടാണ് സൂചന.