mullaperiyar

ഇടുക്കി: ശക്തമായി തുടരുന്ന മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്നതിനിടെ തമിഴ്നാട് ജലം കൊണ്ടുപോകുന്നത് അഞ്ച് മണിക്കൂറോളം നിറുത്തിയത് കേരളത്തെ ആശങ്കയിലാഴ്ത്തി. ജലനിരപ്പ് 134 അടി പിന്നിട്ടപ്പോഴാണ് ഇന്നലെ രാവിലെ 11ഓടെ വൈഗ ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണൽ തമിഴ്നാട് അടച്ചത്. നിലവിലെ റൂൾലെവൽ അനുസരിച്ച് 137.5 അടിയെത്തുമ്പോൾ അണക്കെട്ട് തുറക്കണം. അതാണ് കേരളത്തെ ആശങ്കപ്പെടുത്തിയത്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.

അതേസമയം, തേക്കടി പെരിയാർ ടൈഗർ റിസർവിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള ടണലിന്റെ ഷട്ടറിൽ ചപ്പും ചവറും കയറി അടഞ്ഞതിനെത്തുടർന്നാണ് ജലം കൊണ്ടുപോകുന്നത് നിറുത്തിയതെന്നാണ് തമിഴ്നാടിന്റെ വിശദീകരണം. ഇത് വൃത്തിയാക്കിയശേഷം വൈകിട്ട് നാലോടെ ചെറിയ തോതിൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങി. രാത്രിയോടെ 1867 ഘനയടിയായി ഉയർത്തി. സെക്കൻഡിൽ 1112 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 134.35 അടിയാണ് ജലനിരപ്പ്.

എന്നാൽ, വൈഗ അണക്കെട്ടും അതിവേഗം നിറയുന്നതാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് മണിക്കൂറുകളോളം നിറുത്താൻ കാരണമെന്നാണ് സൂചന. നിലവിൽ 68.71 അടിയാണ് വൈഗയിലെ ജലനിരപ്പ്. 71 അടിയാണ് പരമാവധി സംഭരണശേഷി. ഇനി രണ്ട് അടികൂടി ഉയർന്നാൽ നിറയും.