മൂലമറ്റം:രണ്ട് ദിവസമായി പെയ്യുന്ന തോരാത്ത മഴയുടെ ദുരിതങ്ങൾ ആവർത്തിക്കുകയാണ് അറക്കുളം പഞ്ചായത്ത് പ്രദേശത്തിന്റെ വിവിധ മേഖലകളിൽ. ഞായറാഴ്ച്ചയുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും അറക്കുളം പഞ്ചായത്ത് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. കണ്ണിക്കൽ വലകെട്ടിയിലും മുന്നുങ്കവയൽ വയലിന് സമീപം വളാട്ടുപാറ തോട്ടിലൂടെയും ഉരുൾ പൊട്ടി വ്യാപകമായ കൃഷി നാശം സംഭവിച്ചു. മണപ്പാടിചപ്പാത്ത് കരകവിഞ്ഞൊഴുകി കൈക്കുളം പാലത്തിലൂടെയും വെള്ളമൊഴുകി. ഏക്കർ കണക്കിന് സ്ഥലത്തെ കപ്പ, വാഴ,കുരുമുളക്,കൊക്കോ,റബ്ബർ, ചേമ്പ്,ചേന തുടങ്ങി മിക്കവരുടെയും കാർഷിക വിളകൾ നശിച്ചു.വിവിധ റോഡുകൾ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു.നിരവധി വീടുകളിലും പറമ്പിലും വെള്ളം നിറഞ്ഞു.നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു.വാഹന ഗതാഗതം സ്തംഭിച്ചതോടെ ദുരിതത്തിൽപെട്ടവരെ സഹായിക്കാൻ പോകാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.കാഞ്ഞാർ പുള്ളിക്കാനം റോഡിൽ കുടുങ്ങി കിടന്ന വിനോദ സഞ്ചരികളുടെ ഉൾപ്പെടെ വാഹനങ്ങൾ ഇന്നലെ വെളുപ്പിനെയാണ് കടന്നുപോയത്.

കൃഷി ഇടങ്ങളിൽ വെള്ളം കയറി

അറക്കുളം: അറക്കുളം വെള്ളിയാമറ്റം പ്രദേശത്തുള്ള നിരവധി കർഷകരുടെ കൃഷികൾ വെള്ളം കയറി നശിച്ചു.
അറക്കുളം ആട്ടപ്പാട്ട് സജി, കോട്ടൂർ രവി, കുളമാക്കൽ ജോമോൻ, കുഴിത്താലി ബേബിച്ചൻ, മൈലാടൂർ ലില്ലി, തേക്കുംകാട്ടിൽ ബേബി എന്നിവരുടെ 10 ഏക്കറോളം വരുന്ന കൃഷി ഭൂമിയിൽ വെള്ളം കയറി. കപ്പ,ഇഞ്ചി, മഞ്ഞൾ, വാഴ, നെല്ല്, കുരുമുളക് എന്നിങ്ങനെ കൃഷികൾ പൂർണ്ണമായും നശിച്ച അവസ്ഥയാണ്. 4 ഏക്കറോളം സ്ഥലത്തെ നെൽകൃഷി നശിച്ചതായി പറയുന്നു. സമീപത്തുള്ള തോടുകൾ കവിഞ്ഞൊഴുകിയതാണ് കൃഷി നാശത്തിന് കാരണം.